

പൃഥ്വിരാജിൻ്റെ പുതിയ ആക്ഷൻ ഡ്രാമ ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ട്രെയിലർ പുറത്ത്. ജി ആർ ഇന്ദുഗോപൻ്റെ വിലായത്ത് ബുദ്ധയെന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജയൻ നമ്പ്യാരാണ്. ചിത്രം നവംബർ 21ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിൽ ഷമ്മി തിലകൻ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഉർവശി തിയറ്റേഴ്സിൻ്റെയും എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സന്ദീപ് സേനനും എവി അനൂപും ചേർന്നാണ് വിലായത്ത് ബുദ്ധ നിർമിച്ചിരിക്കുന്നത്. നേരത്തെ അന്തരിച്ച സംവിധായകൻ സച്ചി ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇതെന്ന് റിപ്പോർട്ടുണ്ടായിരുന്നു. സച്ചിയുടെ അസോസിയേറ്റാണ് ജയൻ നമ്പ്യാർ. നോവലിസ്റ്റ് ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാഡനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്.
മൂന്നാറിലെ മറയൂർ കേന്ദ്രീകരിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. മറയൂരിലെ ചന്ദന മോഷ്ണവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥയാണ് വിലായത്ത് ബുദ്ധ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിൽ പൃഥ്വിരാജിനും ഷമ്മി തിലകനും പുറമെ അനു മോഹൻ, ധ്രുവൻ, കിരൺ പിതാംബരൻ, അദത് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, തീജെയ് അരുണാചലം, അരവിന്ദ്, സന്തോഷ് ദാമോദരൻ, മണികണ്ഠൻ, ടിഎസ്കെ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്കിട്ടുള്ളത്.
ജേക്സ് ബിജോയിയാണ് സംഗീത സംവിധായകൻ. അരവിന്ദ് എസ് കശ്യപ് ഐ എസ് സിയും രണഡേവും ചേർന്നാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റർ. രാജശേഖർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു എന്നിവർ ചേർന്നാണ് വിലായത്ത് ബുദ്ധയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിട്ടുള്ളത്.