

എസ്.എസ്. രാജമൗലി-മഹേഷ് ബാബു-പൃഥ്വിരാജ്-പ്രിയങ്കാ ചോപ്ര ടീം ഒന്നിക്കുന്ന ചിത്രം ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. പ്രേക്ഷകരുടെ ആകാംഷക്ക് വിരാമമിട്ട് ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്ന ക്യാരക്റ്റർ പോസ്റ്റർ ഇന്ന് അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ഗ്ലോബ് ട്രോട്ടറിന്റെ ലോകത്തു നിന്നുള്ള കുംഭൻ എന്ന കഥാപാത്രമാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ഇതുവരെയുള്ള ഏറ്റവും അഭിലാഷമായ ലോകനിർമ്മാണ സംരംഭമാണ് ഗ്ലോബ് ട്രോട്ടർ. ‘SSMB29’ എന്നാണ് ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്.
ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായി ദുഷ്ടനും ക്രൂരനും ആജ്ഞാശക്തിയുള്ളതുമായ ഒരു എതിരാളിയായി പൃഥ്വിരാജ് കുംഭയായി മാറുന്നു. ഒരു ഹൈടെക് വീൽചെയറിൽ പൃഥ്വിരാജിനെ ഒരു പുതിയ കാലഘട്ടത്തിലെ വില്ലനായി പരിചയപ്പെടുത്തുന്നതായി പോസ്റ്ററിൽ കാണിക്കുന്നു. എസ്.എസ്. രാജമൗലിയുടെ മുദ്ര പതിപ്പിച്ചിരിക്കുന്ന ഒരു കേന്ദ്ര കഥാപാത്രത്തെയാണ് പൃഥ്വിരാജിന്റെ കുംഭ പോസ്റ്റർ സൂചിപ്പിക്കുന്നത്. അദ്ദേഹം എപ്പോഴും തന്റേതായ ഒരു ലീഗിലാണ്. ഇത് ചിത്രത്തിന്റെ ഹൈപ്പിനെ അടുത്ത ലെവലിലേക്ക് കൊണ്ടുപോകുന്നു. ആഗോളതലത്തിൽ പ്രശംസ നേടിയതും ഓസ്കാർ ജേതാവുമായ ആർആർആറിന് തൊട്ടുപിന്നാലെയാണ് എസ് എസ് രാജമൗലി ഈ ബ്രഹ്‌മാണ്ഡ ചിത്രവുമായി എത്തുന്നത്.
“കുംഭയെ അവതരിപ്പിക്കുന്നു, ഞാൻ ഇതുവരെ അഭിനയിച്ചതിൽ വെച്ച് ഏറ്റവും സങ്കീർണ്ണമായ കഥാപാത്രമാണിത്, മഹേഷ് ബാബു നിങ്ങൾക്കായി ഞാൻ തയ്യാറാണ്. പ്രിയങ്കാ ചോപ്രാ ഗെയിം ആരംഭിക്കുന്നു. എന്റെ പരിമിതികളെ നിരന്തരം പരീക്ഷിക്കുന്ന ഒരു ലോകം ഒരുക്കിയ രാജമൗലി സാറിന് നന്ദി”. - പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ചു തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചു.
നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടക്കുന്ന ലോഞ്ച് ഇവന്റ് ഇന്ത്യൻ സിനിമ കണ്ടതിൽ ഏറ്റവും വലിയ ആഘോഷങ്ങൾക്കാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. പ്രസ്തുത ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുക്കും. മഹേഷ് ബാബു, പൃഥ്വിരാജ്, പ്രിയങ്കാ ചോപ്ര എന്നിവർ ആദ്യമായി രാജമൗലിക്കൊപ്പം അണിനിരക്കുന്ന ചിത്രം കൂടിയാണിത്. വി. വിജയേന്ദ്ര പ്രസാദാണ് തിരക്കഥ. എം.എം. കീരവാണിയാകും സംഗീതസംവിധാനം നിർവഹിക്കുന്നത്. പി ആർ ഓ മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.