
വിപിൻദാസിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്നു. ലിസ്റ്റിൻ സ്റ്റീഫനും സുപ്രിയ മേനോനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 'സന്തോഷ് ട്രോഫി'യുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് നായകനൊപ്പം 60 പുതുമുഖങ്ങളും വരുന്നത്. തിരുവല്ലയിൽ വച്ച് നടന്ന ഓഡിഷനിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളെ എറണാകുളത്തു വച്ചു നടത്തിയ ഫൈനൽ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുകയായിരുന്നു.
പുതിയ കഥകളിലൂടെ അവയുടെ അവതരണത്തിലൂടെ യുവ പ്രേക്ഷകരെ കയ്യിലെടുക്കുന്ന വിപിൻ ദാസ് 'ഗുരുവായൂർ അമ്പലനടയിൽ' എന്ന ചിത്രത്തിനു ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി ചേർന്നുള്ള സംവിധാന ചിത്രമാണിത്. ലിസ്റ്റിനുമായി ചേർന്നുള്ള ആദ്യ ചിത്രവും.
നിർമാണത്തിൽ മാത്രമല്ല കെജിഎഫ്, കാന്താര, സലാർ എന്നീ ചിത്രങ്ങളുടെ വിതരണത്തിലും പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിന്റെ മാജിക് ഫ്രെയിംസും കൈകോർത്ത് ഗംഭീര വിജയങ്ങൾ നേടിയിട്ടുണ്ട്. പുതിയ ചിത്രമായ കാന്താര ചാപ്റ്റർ -1 ലൂടെയും ഇരുകമ്പനികളും വീണ്ടും ഒന്നിക്കുകയാണ്.