

കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രതികരണം നടത്തി സ്വയം ട്രോൾ ഏറ്റുവാങ്ങിയിരിക്കുകയാണ് നടനും അവതാരകനും ബിഗ് ബോസ്സ് മുൻ മത്സരാർത്ഥിയുമായിരുന്ന ഫിറോസ് ഖാൻ. മികച്ച നടനുള്ള പുരസ്കാരം ലഭിക്കേണ്ടിയിരുന്നത് മമ്മൂട്ടിക്ക് അല്ല പൃഥ്വിരാജിനാണെന്ന് ഫിറോസ് ഖാൻ. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തേക്കാളും മികച്ച പ്രകടനമാണ് ആടുജീവിതത്തിൽ പൃഥ്വിരാജിന്റേത് എന്നാണ് ഫിറോസ് ഖാന്റെ അഭിപ്രായം. ചില പൊളിറ്റിക്സിനെ തുടർന്നാണ് ദേശീയ അവാർഡിന് പിന്നാലെ സംസ്ഥാന പുരസ്കാരവും നഷ്ടമായതെന്നും ഫിറോസ്ഖാൻ പറയുന്നു.
എന്നാൽ ഫിറോസ്ഖാന് കാലം പോയത് അറിയാഞ്ഞിട്ടാണോ? അതോ വൈറൽ ആകാൻ ശ്രമിച്ചതാണോ? എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കാരണം ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് 2023 ലെ മികച്ച നടനുള്ള പുരസ്കാരം കഴിഞ്ഞ വർഷം ലഭിച്ചിരുന്നു. ഇക്കാര്യം അറിയാതെയാണ് ഫിറോസ്ഖാൻ പ്രതികരണം നടത്തിയത്. തനിക്ക് പറ്റിയ വിവരക്കേട് ആളുകൾ സോഷ്യൽ മീഡിയയിലൂടെ ചൂണ്ടിക്കാട്ടിയപ്പോഴാണ് അമളി പറ്റിയത് മനസ്സിലായി വീഡിയോ പിൻവലിച്ചത്.
തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് കേരള ചലച്ചിത്ര പുരസ്കാരം നൽകിയ ജൂറിയോടുള്ള തന്റെ പ്രതിഷേധം ഫിറോസ് അറിയിച്ചത്. "മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിക്കാണ് അദ്ദേഹം നല്ല നടനാണ്.
മുരളി, നെടുമുടി വേണു, തിലകൻ, ജഗതി ശ്രീകുമാർ ഇവരെയൊക്കെ പോലെ നല്ല നടൻ തന്നെയാണ് മമ്മൂക്കയും. ഇപ്പോൾ അവാർഡ് കൊടുത്തിരിക്കുന്നത് ഭ്രമയുഗം എന്ന സിനിമയിലെ അഭിനയത്തിന് മമ്മൂട്ടിക്കാണ്. എന്നാൽ അദ്ദേഹത്തെക്കാൾ മികച്ച അഭിനയം കാഴ്ച വച്ചിട്ടുണ്ട് ആടുജീവിതത്തിൽ പൃഥ്വിരാജ്.
പൃഥ്വിരാജ് ഒരു പൊളിറ്റിക്സ് ചങ്കൂറ്റത്തോടെ പറഞ്ഞു എന്നതിന്റെ പേരിലാണ് ദേശീയ അവാർഡ് നഷ്ടമായത്. ഇപ്പോൾ ഇതാ സംസ്ഥാന അവാർഡും പോയി. ആടുജീവിതം എന്ന സിനിമയിലെ പൃഥ്വിരാജിന്റെ അഭിനയത്തിന് അവാർഡിന് അർഹമാകേണ്ടതല്ലേ? അവാർഡ് അർഹിക്കേണ്ട പ്രകടനം തന്നെയായിരുന്നു."- എന്നായിരുന്നു സോഷ്യൽ മീഡിയയിൽ എത്തി ഫിറോസ്ഖാൻ പറഞ്ഞത്. എന്നാൽ ഇതിന് താഴെ അദ്ദേഹത്തെ കളിയാക്കിയും തിരുത്തിയും നിരവധി കമന്റുകളാണ് എത്തിയത്. പിന്നാലെ ഫിറോസ് വീഡിയോ പിൻവലിക്കുകയായിരുന്നു.