മേഘ്ന ഗുൽസാർ, കരീന കപൂർ ചിത്രവുമായി പ്രിഥ്വിരാജ് വീണ്ടും ഹിന്ദിയിലേക്ക്; ക്രൈം - ഡ്രാമ ത്രില്ലർ ദായ്റ പ്രഖ്യാപിച്ചു

pruthviraj
Published on

റാസി, തൽവാർ തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് ശേഷം ജംഗ്ലീ പിക്ചേഴ്സും, സംവിധായിക മേഘ്ന ഗുൽസാറും ഒന്നിക്കുന്ന ചിത്രത്തിന് ദായ്റ എന്ന് പേരിട്ടു. ക്രൈം-ഡ്രാമ ഗണത്തിൽ വരുന്ന ഈ ചിത്രത്തിൽ കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ദായ്റ. കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ച് ഈ ചിത്രം പറയുന്നു. ഹിന്ദി സിനിമയിൽ 25 വർഷം പിന്നിടുന്ന കരീന കപൂർ ഖാൻ ഈ ചിത്രത്തെക്കിറിച്ച് ഏറെ ആവേശത്തോടെയാണ് പറയുന്നത്.

"മേഘ്ന ഗുൽസാറുമൊന്നിച്ച് ഒരു ചിത്രം ചെയ്യുന്നതിൽ ഞാൻ വളരെ ആവേശഭരിതയാണ്. അതോടൊപ്പം പ്രിഥ്വിരാജിന്റെ കൂടെ പ്രവർത്തിക്കാനുള്ള അവസരവും ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ച ഘടകങ്ങളാണ്. ഈ ചിത്രത്തിന്റെ പ്രമേയം ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. ദായ്റ മികച്ച ഒരു സിനിമാറ്റിക്ക് അനുഭവമായിരിക്കുമെന്ന് ഞാൻ പ്രേക്ഷകർക്ക് ഉറപ്പു നൽകുന്നു. ശക്തവും കാലികവുമായ ഈ സിനിമയിൽ മേഘ്ന, പൃഥ്വിരാജ്, ജംഗ്ലീ പിക്ചേഴ്സിലെ ടീം എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.."

ഈ ചിത്രത്തിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ഇത് ചെയ്യണം എന്ന് ഉറപ്പിച്ചതായി പ്രിഥ്വിരാജ് പറയുന്നു. കഥ പുരോഗമിക്കുമ്പോൾ തന്റെ കഥാപാത്രവും അയാൾ കൊണ്ടുവരുന്ന കാര്യങ്ങളും തന്നെ പൂർണ്ണമായും ആകർഷിച്ചുവെന്നും പ്രിഥ്വിരാജ് പറഞ്ഞു. പല തലങ്ങളുള്ള ഒരു കഥാപാത്രമാണ് അത്. പ്രേക്ഷരുമായി പെട്ടന്ന് കണക്ടാകും. മേഘ്ന ഗുൽസാറിന്റെ കാഴ്ചപ്പാടിലും, ജംഗ്ലീ പിക്ചേഴ്സിന്റെ ബാനറിലും, കരീന കപൂർ പോലുള്ള ഒരു നടിയോടൊപ്പം പ്രവർത്തിക്കുന്നതും തന്നെ സംബന്ധിച്ചിടത്തോളം മികച്ച ഒരു അനുഭവമായിരിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

സംവിധായിക മേഘ്ന ഗുൽസാർ പറയുന്നു: "ദായ്റ നമ്മൾ ജീവിക്കുന്ന സമൂഹത്തെയും നമ്മെ നയിക്കുന്ന സ്ഥാപനങ്ങളെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ്. സഹ എഴുത്തുകാരായ സീമയോടും യഷിനോടുമൊപ്പം, കഥാപാത്രങ്ങളെ അനാവരണം ചെയ്യുന്നത് വെല്ലുവിളിയും ആവേശവും നിറഞ്ഞതായിരുന്നു. കരീനയും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുമ്പോൾ, കഥയുടെ ചലനാത്മകത കൂടുതൽ ഉയരും. ശക്തവും പറയേണ്ടതുമായ കഥകളെ പിന്തുണയ്ക്കുന്നതിന് പേരുകേട്ട ജംഗ്ലീ പിക്ചേഴ്സുമായി സഹകരിക്കുന്നത് എപ്പോഴും സർഗ്ഗാത്മകമായി സന്തോഷം നൽകുന്നു."

ജംഗ്ലീ പിക്ചേഴ്സിന്റെ സിഇഒ അമൃത പാണ്ഡെ കൂട്ടിച്ചേർത്തു: "ദായറ നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. മേഘ്നയുടെ കൈകളിൽ ഈ ചിത്രം സുരക്ഷിതമായിരിക്കും. കരീനയും പൃഥ്വിരാജും ഉൾപ്പടെയുള്ള ഒരു ടീമിനെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്. ഈ യാത്ര ആരംഭിക്കാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്."

മേഘ്നയ്‌ക്കൊപ്പം യഷും സീമയും ചേർന്ന് എഴുതുന്ന നിർവ്വഹിക്കുന്ന ഈ ചിത്രം നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 2023-ലെ സാം ബഹാദൂർ എന്ന സിനിമക്ക് ശേഷം മേഘ്നയുടെ അടുത്ത സംവിധാന സംരംഭമാണ് ദായ്റ.

പിആർഒ- സതീഷ് എരിയാളത്ത്

Related Stories

No stories found.
Times Kerala
timeskerala.com