ആടുജീവിതത്തില്‍ പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിക്കാതിരുന്നത് എമ്പുരാന്‍ കാരണം; അവാര്‍ഡുകളില്‍ രാഷ്ട്രീയം പാടില്ല : ഉര്‍വശി | National Film Award

'ദേശീയ അവാര്‍ഡ് നല്‍കുന്നത് കഴിവ് നോക്കി മാത്രമാകണം, കേന്ദ്ര കഥാപാത്രത്തേയും സപ്പോര്‍ട്ടിങ് കഥാപാത്രത്തേയും എങ്ങനെയാണ് അവര്‍ അളക്കുന്നത്?'
Urvashi
Published on

ആടുജീവിതത്തില്‍ പൃഥ്വിരാജിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിക്കാതിരുന്നത് എമ്പുരാന്‍ കാരണമാണെന്ന് നടി ഉര്‍വശി. ''എങ്ങനെയാണ് അവര്‍ക്ക് ആടുജീവിതത്തെ അവഗണിക്കാന്‍ സാധിക്കുന്നത്. നജീബിന്റെ ജീവിതവും ഹൃദയഭേദകമായ സഹനവും അവതരിപ്പിക്കാന്‍ തന്റെ സമയവും കഠിനാധ്വനവും നല്‍കി കഠിനമായ ശാരീരിക മാറ്റത്തിന് തയ്യാറായൊരു നടനാണ് പൃഥ്വിരാജ്. നമുക്കെല്ലാം അറിയാം, ഇതിന് കാരണം എമ്പുരാന്‍ ആണെന്ന്. അവാര്‍ഡുകളില്‍ രാഷ്ട്രീയം പാടില്ല.

മുമ്പും നായിക വേഷം ചെയ്ത എനിക്ക് സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്ന് എതിര്‍ക്കാതിരുന്നത് മികച്ച നടിയായത് സരിഗയായതിനാലാണ്. വ്യക്തിപരമായ പ്രതിസന്ധികളില്‍ നിന്നും തിരികെ വന്നാണ് പര്‍സാനിയ എന്ന ചിത്രത്തിലൂടെ സരിഗ മികച്ച നടിയായത്. അതിനാലാണ് ഞാന്‍ അന്ന് സംസാരിക്കാതിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് വേണ്ടിയല്ല, പിന്നാലെ വരുന്നവര്‍ക്ക് വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍ ചെയ്യുന്നവരെ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് പരിഗണിച്ചാല്‍ യഥാര്‍ത്ഥത്തില്‍ സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കും? അവര്‍ക്ക് തങ്ങളുടെ കഴിവ് മെച്ചപ്പെടുത്താനുള്ള പ്രചോദനം എവിടെ? കേന്ദ്ര കഥാപാത്രത്തേയും സപ്പോര്‍ട്ടിങ് കഥാപാത്രത്തേയും എങ്ങനെയാണ് അവര്‍ അളക്കുന്നത്? ഇപ്പോള്‍ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ സൗത്തില്‍ നിന്നുള്ള, കഴിവുള്ള നിരവധി അഭിനേതാക്കള്‍ക്ക് ഇനിയും അവഗണന നേരിടേണ്ടി വരും.

ദേശീയ അവാര്‍ഡ് നല്‍കുന്നത് കഴിവ് നോക്കി മാത്രമാകണം. എനിക്ക് അവാര്‍ഡ് മോഹമില്ല. പക്ഷെ അത് വരുമ്പോള്‍ സന്തോഷം തോന്നണം, ഇങ്ങനല്ല. ജൂറി സൗത്തിനെ ചെറുതായി കാണരുത്. എന്തെങ്കിലും തന്നാല്‍ ഞങ്ങള്‍ സന്തുഷ്ടരായിക്കോളുമെന്ന് കരുതരുത്...''

Related Stories

No stories found.
Times Kerala
timeskerala.com