ചന്ദന മോഷ്ടാവായി പ്രിഥ്വിരാജ്, 'വിലായത്ത് ബുദ്ധ' ടീസർ എത്തി | Vilayat Buddha

മറയൂരിലെ ചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ
Vilayat Buddha
Published on

ഉർവ്വശി തീയേറ്റേഴ്സ്, എവിഎ പ്രൊഡക്ഷൻസ് ബാനറുകളിൽ സന്ധീപ് സേനനും ഏ.വി അനൂപും ചേർന്നു നിർമ്മിക്കുന്ന ചിത്രം 'വിലായത്ത് ബുദ്ധ'യുടെ ടീസർ പ്രകാശനം പുറത്തിറക്കി. അടുത്തു തന്നെ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായിട്ടാണ് ടീസർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻ്റെ പശ്ചാത്തലത്തിനനുയോജ്യമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ടീസർ എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഒരു നേർക്കാഴ്ച്ച തന്നെയായിരിക്കും ഈ ടീസർ.

മറയൂരിലെ ചന്ദനമലമടക്കുകളിൽ ലക്ഷണമൊത്ത ഒരു ചന്ദനമരത്തെച്ചൊല്ലി ഗുരുവും ശിഷ്യനും നടത്തുന്ന യുദ്ധത്തിൻ്റെ കഥ പറയുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. പ്രണയവും, രതിയും, പകയും സംഘർഷവുമൊക്കെ കോർത്തിണക്കിയെത്തുന്ന ഈ ചിത്രം ജയൻ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്. ഡബിൾ മോഹൻ എന്ന ചന്ദന മോഷ്ടാവായി പ്രിഥ്വിരാജ് ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രമാകുന്നു. ഗുരുവായ ഭാസ്ക്കരനെ ഷമ്മി തിലകനും അവതരിപ്പിക്കുന്നു.

വലിയ മുതൽമുടക്കിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഏറെ സമയമെടുത്തുള്ള ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുമാണ് ഈ ചിത്രത്തിനുവേണ്ടി വന്നതെന്ന് നിർമ്മാതാവ് സന്ധീപ്സേനൻ വ്യക്തമാക്കി. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. പ്രിയംവദാ കൃഷ്ണനാണ് നായിക.

കഥാകൃത്ത് ജി.ആർ ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. മറയൂർ, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com