

പൃഥ്വിരാജ് നായകനായെത്തിയ ചിത്രമാണ് 'വിലായത്ത് ബുദ്ധ'. ജി ആർ ഇന്ദുഗോപൻ്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിന് ബോക്സ്ഓഫീസിൽ മികച്ച നേട്ടം ഉണ്ടായില്ല. നവംബർ 21ന് റിലീസായ ചിത്രം, മമ്മൂട്ടിയുടെ കളങ്കാവൽ എത്തിയതോടെ തിയറ്ററർ വിടേണ്ടി വന്നു. ഇപ്പോഴിതാ വിലായത്ത് ബുദ്ധയുടെ ഒടിടി സംബന്ധിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ജിയോ ഹോട്ട്സ്റ്റാറാണ് പൃഥ്വിരാജ് ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഏഷ്യനെറ്റിനാണ് സാറ്റ്ലൈറ്റ് അവകാശം. ഒടിടി, സാറ്റ്ലൈറ്റ് സംബന്ധിച്ചുള്ള ധാരണകൾ സിനിമയുടെ റിലീസിന് മുന്നേ ആയിരുന്നു. അടുത്ത വർഷം ജനുവരി ആദ്യ വാരത്തോടെ വിലായത്ത് ബുദ്ധ ഒടിടി സംപ്രേഷണം ആരംഭിക്കാനാണ് സാധ്യത. കാരണം ഡിസംബർ 19നാണ് നിവിൻ പോളിയുടെ ഫാർമ എന്ന വെബ് സീരീസിൻ്റെ സംപ്രേഷണം ജിയോ ഹോട്ട്സ്റ്റാർ ആരംഭിക്കുന്നത്. അതുകൊണ്ട് അതിന് ശേഷം ഒരു ഇടവേള കഴിഞ്ഞ് മാത്രമെ വിലായത്ത് ബുദ്ധ ഒടിടിയിൽ റിലീസ് ചെയ്യൂ. അതേസമയം, വിലായത്ത് ബുദ്ധയുടെ ഒടിടി റിലീസ് സംബന്ധിച്ച് സിനിമയുടെ അണിയറപ്രവർത്തകരോ സ്ട്രീമിങ് പ്ലാറ്റ്ഫോമോ ഇതുവരെ സ്ഥിരീകരണം നൽകിട്ടില്ല.
ഉർവശി തിയറ്റേഴ്സിൻ്റെയും എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ സന്ദീപ് സേനനും എവി അനൂപും ചേർന്നാണ് വിലായത്ത് ബുദ്ധ നിർമിച്ചിരിക്കുന്നത്. നേരത്തെ അന്തരിച്ച സംവിധായകൻ സച്ചി ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സച്ചിയുടെ അസോസിയേറ്റാണ് ജയൻ നമ്പ്യാറാണ് വിലായത്ത് ബുദ്ധ സംവിധാനം ചെയ്തിരിക്കുന്നത്. നോവലിസ്റ്റ് ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാഡനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത്. ഷമ്മി തിലകനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്.
പൃഥ്വിരാജിനും ഷമ്മി തിലകനും പുറമെ അനു മോഹൻ, ധ്രുവൻ, കിരൺ പിതാംബരൻ, അദത് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്, തീജെയ് അരുണാചലം, അരവിന്ദ്, സന്തോഷ് ദാമോദരൻ, മണികണ്ഠൻ, ടിഎസ്കെ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്കിട്ടുള്ളത്.
ജേക്സ് ബിജോയിയാണ് സംഗീത സംവിധായകൻ. അരവിന്ദ് എസ് കശ്യപ് ഐ എസ് സിയും രണഡേവും ചേർന്നാണ് സിനിമയ്ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റർ. രാജശേഖർ, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു എന്നിവർ ചേർന്നാണ് വിലായത്ത് ബുദ്ധയിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിട്ടുള്ളത്.