
ലൈംഗികാരോപണ വിവാദങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതോടെ അക്കാദമിയുടെ വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍കാലികമായി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തേക്കുമെന്ന് വിവരം. 2022 ല്‍ ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായി സ്ഥാനം ഏറ്റെടുത്തത്.
ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജി വച്ചത്. ആരോപണം ഉണ്ടായപ്പോൾ രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി സാധ്യമാകൂ എന്ന നിലപാടുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് രഞ്ജിത്ത് ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നു. തനിക്കെതിരേ ആരോപണം ഉയര്‍ന്നതോടെ സിദ്ദിഖ് അമ്മ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് രഞ്ജിത്തിന്‍റേയും രാജി.