പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്യുന്ന ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രം ഹലോവീൻ (ഒക്ടോബർ 31) റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഭ്രമയുഗത്തിന് ശേഷം രാഹുലും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹൊറർ ത്രില്ലർ എന്ന സിനിമ വിഭാഗത്തിന്റെ സാദ്ധ്യതകൾ കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. സിനിമയുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.