

പ്രദീപ് രംഗനാഥൻ – മമിത ബൈജു മുഖ്യ കഥാപാത്രങ്ങളായ ദീപാവലി റിലീസായി എത്തിയ തമിഴ് ചിത്രം ‘ഡ്യൂഡ്’100 കോടി കടന്ന് മുന്നേറുന്നു. ഇതോടെ ഹാട്രിക് ഹിറ്റെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പ്രദീപ് രംഗനാഥൻ. 6 ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നത്. ആദ്യ ദിനം 22 കോടിയാണ് ചിത്രം ആഗോള കളക്ഷൻ നേടിയത്. 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടുമുള്ള ദീപാവലി റിലീസുകളിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സിനിമയായി മാറി.
ചിത്രത്തിൽ അഗൻ എന്ന കഥാപാത്രമായാണ് പ്രദീപ് എത്തിയിട്ടുള്ളത്. കുറൽ എന്ന കഥാപാത്രമായി മമിത ബൈജുവും. അതോടൊപ്പം തന്നെ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ മന്ത്രി അതിയമാൻ അഴഗപ്പൻ എന്ന കഥാപാത്രമായി ശരത് കുമാറും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും പ്രണയവുമൊക്കെ വേറിട്ടൊരു കാഴ്ചപ്പാടിൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് നവാഗത സംവിധായകനായ കീർത്തീശ്വരൻ. പക്കാ ഫൺ ഫാമിലി എന്‍റർടെയ്നർ വൈബ് പടം എന്നാണ് സിനിമ കഴിഞ്ഞിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍.
‘ലവ് ടുഡേയും ഡ്രാഗണും’ പോലെ ഇത്തവണയും തകർപ്പൻ പ്രകടനമാണ് ഡ്യൂഡിലും പ്രദീപ് രംഗനാഥൻ കാഴ്ചവെച്ചിരിക്കുന്നത്. അതോടൊപ്പം മമിതയുടെ പ്രകടനത്തിനും കയ്യടികൾ ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കർ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ തിയേറ്ററുകളിൽ ആഘോഷമായാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സിന്‍റെ ബാനറിൽ നവീൻ യെർനേനി, വൈ രവിശങ്കർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് കേരള ഡിസ്ട്രിബ്യൂഷൻ നിർവ്വഹിച്ചിരിക്കുന്നത്. നേഹ ഷെട്ടി, ഹൃദു ഹരൂൺ, സത്യ, രോഹിണി, ദ്രാവിഡ് സെൽവം, ഐശ്വര്യ ശർമ്മ, ഗരുഡ റാം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കളായുള്ളത്. നികേത് ബൊമ്മിയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഭരത് വിക്രമനാണ് നിർവ്വഹിച്ചിരിക്കുന്നത്.