
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം താരങ്ങളായ പ്രഭുദേവയും വടിവേലുവും വീണ്ടും ഒന്നിക്കുന്നു. വിയറ്റ്‌നാമിൽ ചിത്രീകരിക്കുന്ന സിനിമയുടെ പൂജ ദുബൈയിൽ നടന്നു. സിനിമയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. സാം റോഡറിക്‌സിന്റെ സംവിധാനത്തിൽ ദുബൈയിലെ കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന നാലാമത്തെ സിനിമയിലാണ് പ്രഭുദേവ-വടിവേലു കോമ്പോ വീണ്ടും ഒന്നിക്കുന്നത്. 2004 ൽ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം 'എങ്കൾ അണ്ണ'യിലാണ് ഇവർ ഒടുവിൽ ഒന്നിച്ചഭിനയിച്ചത്.
വടിവേലു തന്റെ മൂത്ത സഹോദരനും നല്ലൊരു സുഹൃത്തുമാണെന്ന് പറഞ്ഞാണ് പ്രഭുദേവ സിനിമയെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. വടിവേലു, യുവശങ്കർ രാജ, സാം റോഡറിക്‌സ് എന്നിവരുമായി ഒന്നിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രഭുദേവ പറഞ്ഞു.
1994 ൽ ഇറങ്ങിയ കാതലന്റെ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റുനോക്കിയിരുന്ന കോമ്പോ ആയിരുന്നു പ്രഭുദേവയും വടിവേലുവും. ദുബൈയിൽ നടന്ന സിനിമയുടെ പൂജയിൽ നടൻമാരായ ജീവ, തമ്പി രാമയ്യ, സംഗീത സംവിധായകൻ യുവാൻശങ്കർ രാജ, സംവിധായകൻ റോഡറിക്‌സ് തുടങ്ങിയവരും പങ്കെടുത്തു. ജീവയെ നായകനാക്കി കണ്ണൻ രവി ഗ്രൂപ്പിന്റെ മൂന്നാമത്തെ ചിത്രത്തിന് കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന ചടങ്ങിൽ ട്രിപ്പിൾ ടി എന്ന് പേരിട്ടിരുന്നു.