

ബിഗ് ബോസ് സീസൺ ഏഴ് അവസാനിച്ച് മൂന്ന് ദിവസം കഴിയുമ്പോഴും പിആർ വിവാദത്തിൽ അനുമോൾക്കെതിരായ ആരോപണങ്ങൾ അവസാനിക്കുന്നില്ല. സീസൺ ഏഴിലെ മത്സരാർത്ഥികൾ തന്നെ ഇപ്പോൾ താരത്തിനെതിരെ രംഗത്ത് വരുന്നുണ്ട്. അനുമോൾക്കെതിരെ ആരോപണം ഉന്നയിച്ച ആദ്യ വ്യക്തിയായിരുന്നു ഡോ. ബിന്നി.
ബിന്നിയാണ് അനുമോൾ 16 ലക്ഷം രൂപ നൽകി പിആർ നടത്തിയെന്ന ആരോപണം ബിഗ് ബോസ് ഹൗസിൽ ആദ്യം ഉന്നയിച്ചത്. അനുമോൾ തന്നോട് ഇക്കാര്യം പറഞ്ഞുവെന്നാണ് ബിന്നി വെളിപ്പെടുത്തിയത്. പിന്നീട് വീട്ടിനകത്തും പുറത്തും ഈ വിഷയം വാൻ തോതിൽ ചർച്ചയായിരുന്നു. എന്നാൽ അനുമോൾ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്‌തത്. പിന്നീട് പിആർ നൽകിയെന്ന കാര്യം അനുമോൾ സമ്മതിക്കുകയും ചെയ്‌തിരുന്നു. എന്നാൽ 16 ലക്ഷം നൽകിയില്ലെന്നും ഒരു ലക്ഷത്തിനാണ് പിആർ നൽകിയതെന്നുമാണ് അനുമോൾ വ്യക്തമാക്കിയത്. അതേസമയം, അനുമോൾക്കെതിരെ പറഞ്ഞതിനു താൻ വളരെയധികം സൈബർ ബുള്ളിയിങ്ങ് നേരിടേണ്ടി വരുന്നുണ്ടെന്നും ബിന്നി പറഞ്ഞിരുന്നു.
ഇപ്പോഴിതാ പിആർ വിവാദത്തിൽ താൻ പറഞ്ഞ കാര്യം ശരിയായിരുന്നു എന്ന് പറയുകയാണ് ബിന്നി. ബിഗ്ബോസ് വിജയി ആയതിനുശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ അനുമോൾ പറഞ്ഞ വാക്കുകൾ കട്ട് ചെയ്താണ് ബിന്നിയുടെ വെളിപ്പെടുത്തൽ. സത്യം എന്നായാലും പുറത്ത് വരുമെന്നും ഇത് കാലത്തിന്റെ കാവ്യനീതിയാണെന്നും ബിന്നി പറയുന്നു.
ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിലാണ് പിആറിനെക്കുറിച്ച് അനുമോൾ പറഞ്ഞത്. 1 ലക്ഷമാണ് കൊടുത്തത് എന്നും, 15 ലക്ഷം കൊടുക്കും എന്ന് താന്‍ പറഞ്ഞതാവാം എന്നാണ് അനുമോൾ വീഡിയോയിൽ പറയുന്നത്. ഈ വീഡിയോ പങ്കുവച്ചാണ് സത്യം എന്നായാലും പുറത്ത് വരുമെന്ന് പറഞ്ഞ് ബിന്നി വീഡിയോ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്. അവതാരക അഞ്ജന നമ്പ്യാര്‍ക്ക് നന്ദിയെന്നും ചോദ്യങ്ങളുടെ വേഗം കൂടിയപ്പോ ആലോചിക്കാന്‍ സമയം കിട്ടാതെ അനുമോള്‍ക്ക് സത്യം പറയേണ്ടി വന്നുവെന്നുമാണ് ബിന്നി പറയുന്നത്.
"കണക്ക് കൃത്യം ആയി. നിങ്ങള്‍ ഇത് അസൂയയോ കുശുമ്പോ ആയി കരുതേണ്ട. ഇതൊരു ഓര്‍മപ്പെടുത്തല്‍ ആണ്. സത്യം പറഞ്ഞതിന് അനുമോളുടെ പിആര്‍ കാരണം ഞാൻ ഇപ്പോഴും സൈബര്‍ ബുള്ളീങ് നേരിടുന്നത് ഓര്‍മ്മപ്പെടുത്തുന്നു." - ഡോ. ബിന്നി പറഞ്ഞു.