ശ്രീനാഥ് ഭാസി ചിത്രം 'പൊങ്കാല'യുടെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചോർന്നു | Pongala

സഹ സംവിധായകനെതിരെ പരാതി നൽകി സംവിധായകൻ
Pongala
Published on

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രം 'പൊങ്കാല'യുടെ പ്രധാന രംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചോർന്നതായി ആരോപണം. ചിത്രം റിലീസിനൊരുങ്ങവേയാണ് പ്രധാന ഭാഗങ്ങൾ മൊബൈലില്‍ ഷൂട്ട് ചെയ്ത് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് സഹ സംവിധായനെതിരെ പരാതിയുമായി സംവിധായകന്‍ രംഗത്തെത്തിയത്. ക്ലൈമാക്സ് ഉൾപ്പെടെയുള്ള രംഗങ്ങൾ ചോർന്നു എന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ എ.ബി. ബിനില്‍ ആണ് സഹ സംവിധായൻ ഫൈസല്‍ ഷാക്കെതിരെ പരാതി നൽകിയത്.

രണ്ടാഴ്ച മുമ്പ് സിനിമയിലെ രംഗങ്ങളടങ്ങിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടതിനെ തുടർന്ന് സഹ സംവിധായകനെ വിളിച്ചെങ്കിലും ബന്ധപ്പെടാനായില്ല. പിന്നീട് ആവശ്യപ്പെട്ടപ്പോൾ വിഡിയോ നീക്കം ചെയ്തു എന്നാണ് സംവിധായകൻ പറയുന്നത്.

ശ്രീനാഥ് ഭാസി നായകനാകുന്ന ചിത്രത്തിൽ ബാബുരാജ്, കിച്ചു ടെല്ലസ്, സമ്പത്ത് റാം, അലൻസിയർ, സുധീർ കരമന, ഇന്ദ്രജിത്ത്, ജഗജിത്ത്, സൂര്യ കൃഷ്, മുരുകൻ മാർട്ടിൻ, ജീമോൻ ജോർജ്, സോഹൻ സീനു ലാൽ, ഷെജിൻ, യാമി സോനാ, സ്മിനു സിജോ, രേണു സുന്ദർ, ശാന്തകുമാരി എന്നിവർ അഭിനയിക്കുന്നു.

ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള, ഡോണ തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിലായത്ത് ബുദ്ധ, അയ്യപ്പനും കോശിയും, സുബ്രഹ്മണ്യപുരം എന്നീ ചിത്രങ്ങളുടെ ഫൈറ്റ് മാസ്റ്റർ ആയ രാജശേഖർ ആണ് ചിത്രത്തിലെ 12 ഓളം സംഘട്ടനങ്ങൾക്ക് നേതൃത്വം നൽകിയത്.

വിക്രമിന്റെ കങ്കുവ എന്ന ചിത്രത്തിന്‍റെ കൊറിയോഗ്രാഫർ വിജി സതീഷാണ് ചിത്രത്തിന് നൃത്ത ചുവടുകൾ നൽകുന്നത്. ലൈൻ പ്രൊഡ്യൂസർ പ്രജിത രവീന്ദ്രൻ. ഡി ഒ പി. ജാക്സൺ ജോൺസൺ. സംഗീതം രഞ്ജിൻ രാജ്. ലക്ഷക്കണക്കിന് രൂപ ചെലവിട്ടു കൊണ്ടാണ് ക്ലൈമാക്സ് ഫൈറ്റ് രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com