ലൈംഗികാതിക്രമ കേസ്: സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്ന് പോലീസ് | Sexual assault case

മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്നും, ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു.
PT Kunjumuhammed
Updated on

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ കഴമ്പുണ്ടെന്ന് പോലീസ്. കുഞ്ഞുമുഹമ്മദിനെതിരായ അന്വേഷണ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് തിരുവനന്തപുരം സെഷൻസ് കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത്. മൊഴിയിൽ പറയുന്ന സമയം കുഞ്ഞുമുഹമ്മദ് ഹോട്ടലിലുണ്ടെന്നും, ഇതിന് സിസിടിവി ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു. വനിതാ ചലച്ചിത്ര പ്രവർത്തകയാണ് മുൻ എംഎൽഎ കൂടിയായ പി ടി കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്‍കിയത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്കാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻറോൺമെൻ്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ചലച്ചിത്ര പ്രവർത്തക പരാതി ആവർത്തിച്ചു. പരാതിയിൽ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാൻ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു

കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ സ്ത്രീയോട് ഹോട്ടൽ മുറിയിൽ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ഐഎഫ്എഫ്കെയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. കഴിഞ്ഞ മാസം ആറിനായിരുന്നു പരാതിക്കാസ്പദമായ സംഭവം. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനുവേണ്ടിയുള്ള കമ്മിറ്റിയില്‍ പരാതിക്കാരിയായ ചലച്ചിത്ര പ്രവർത്തകയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങൾ താമസിച്ചിരുന്നത്. സ്ക്രീനിംഗിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.

Related Stories

No stories found.
Times Kerala
timeskerala.com