കാസർഗോഡ്: ബേക്കൽ ബീച്ച് ഫെസ്റ്റിൽ റാപ്പർ വേടന്റെ സംഗീത പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും വിശദീകരണവുമായി പോലീസ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ആറുപേരെ മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇവർ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടതായും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എസ്പി വ്യക്തമാക്കി.(Police say only those who experienced physical discomfort at Rapper Vedan's event were taken to the hospital)
പരിപാടി കാണാൻ ഇരുപത്തയ്യായിരത്തിലധികം ആളുകൾ എത്തിയതായാണ് പോലീസിന്റെ കണക്ക്. സദസ്സിന്റെ മുൻഭാഗത്തേക്ക് ബാരിക്കേഡുകൾ മറികടന്ന് ആളുകൾ ഇരച്ചുകയറിയതാണ് തിക്കിനും തിരക്കിനും കാരണമായത്. ഇതിനിടയിലാണ് ആളുകൾക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. എന്നാൽ സാഹചര്യം നിയന്ത്രണാതീതമായിരുന്നില്ലെന്ന് സംഘാടകർ അറിയിച്ചു. ബീച്ച് വഴിയും റെയിൽ പാളം മറികടന്നും ആളുകൾ പരിസരത്തേക്ക് പ്രവേശിച്ചതാണ് തിരക്ക് വർദ്ധിപ്പിച്ചത്.
അതേസമയം, ഫെസ്റ്റിൽ പങ്കെടുക്കാനായി റെയിൽവെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശിയായ ശിവാനന്ദാണ് (20) മരിച്ചത്. അപകടത്തിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.