
ചെന്നൈ: മലയാളിക്ക് ഒരുപിടി നല്ല ഗാനങ്ങൾ സിനിമയിലും നാടകത്തിലുമായി സമ്മാനിച്ച പ്രസിദ്ധ പിന്നണി ഗായിക എ പി കോമള അന്തരിച്ചു. അത് ആരുമറിഞ്ഞില്ലെന്നതാണ് ഞെട്ടലുളവാക്കുന്നത്. ചെന്നൈയിലായിരുന്നു അന്ത്യം.
ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് സംഭവം. പലരും വിവരം അറിഞ്ഞത് പ്രശസ്ത ഗാന നിരൂപകൻ രവി മേനോൻ അവരുടെ മരണത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ എഴുതിയപ്പോഴാണ്. ഈ അനുഗൃഹീത ഗായിക മരണത്തിന് കീഴടങ്ങിയത് ഏപ്രിൽ 26നാണ്. 89ആം വയസ്സിലാണ് അന്ത്യം.
ആന്ധ്ര സ്വദേശിനിയായ ഇവർ ചെന്നൈയിലേക്ക് ചേക്കേറിയത് 1940കളിലാണ്. ചെന്നൈ മടിപ്പാക്കത്ത് താമസിച്ചിരുന്ന കോമള, 'ശർക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ' എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാളിക്ക് സുപരിചിതയായ വ്യക്തിയാണ്. കിഴക്കു ദിക്കിലെ ചെന്തെങ്ങിൽ കരിക്കു പൊന്തിയ നേരത്ത്' (ആദ്യ കിരണങ്ങൾ), 'വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ' (കുട്ടിക്കുപ്പായം) തുടങ്ങിയ ഗാനങ്ങളും മലയാളിക്ക് പ്രിയപ്പെട്ടവയാണ്.