
അഭിനയം കൊണ്ടും അവതരണം കൊണ്ടും മലയാളികളുടെ മനസ്സ് കീഴടക്കിയ വ്യക്തിയാണ് മീനാക്ഷി അനൂപ്. മീനാക്ഷിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും വൈറലാകാറുണ്ട്. പോസ്റ്റിന് മീനാക്ഷി ഉപയോഗിക്കുന്ന ക്യാപ്‌ഷനുകളാണ് പലപ്പോഴും ആളുകളുടെ ശ്രദ്ധ നേടുന്നത്. ഇത്തരത്തിൽ മീനാക്ഷി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്തൊരു ചിത്രത്തിന്റെ ക്യാപ്‌ഷനാണ് ഇപ്പോൾ വൈറലാകുന്നത്.
“കണ്ടമാനം … ‘സദാ ചാരം‘ ഉള്ളയിടങ്ങൾ പലപ്പോഴും …’Toxic’ ആയിരിക്കും…” എന്നാണ് പുതിയ പോസ്റ്റിന് മീനാക്ഷി നൽകിയ ക്യാപ്‌ഷൻ. ചാരമുള്ള അടുപ്പിന്റെ അടുത്ത് നിന്നെടുത്ത ചിത്രവും ഇതിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിട്ടുള്ള കണ്ടമാനം എന്ന വാക്കിന് പല മാനങ്ങൾ എന്നും ഒരുപാട് എന്നും അർത്ഥമുണ്ട്. സദാചാരം എന്ന വാക്ക് ഒന്നിച്ചെഴുതാതെ സദാ എന്നതിന് ശേഷം ഒരു സ്ഥലം വിട്ടാണ് ചാരം എന്ന് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സദാചാരം പറയുന്നവർ വെറും ചാരം മാത്രം ആണെന്നും അർഥം വരാം. അത്തരം ആളുകൾ ഉള്ള ഇടങ്ങൾ ടോക്സിക് ആണെന്നും മീനാക്ഷി പറയുന്നു.
ഇതിന് താഴെ ഒട്ടേറെപ്പേരാണ് കമന്റുകൾ പങ്കുവയ്ക്കുന്നത്. ‘പിഷാരടിക്കൊത്ത എതിരാളി’ എന്നായിരുന്നു പോസ്റ്റിന് താഴെ വന്നൊരു കമന്റ്. ‘എന്തോ എവിടെയോ ആരെയോ കുത്തി പറയും പോലെ’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതിന് ‘തോന്നുന്നതാ’ എന്ന് മീനാക്ഷി മറുപടിയും നൽകിയിട്ടുണ്ട്. സ്വന്തം ക്യാപ്ഷൻ തന്നെയാണോ ഇതെന്ന് ചോദിക്കുന്നവരും കൂട്ടത്തിലുണ്ട്. ഒന്നു ശ്രമിച്ചാൽ മലയാളത്തിലെ മികച്ചൊരു എഴുത്തുകാരിയാകുമെന്നും ഒരാൾ പറയുന്നു.