

പോക്സോ കേസിൽ പ്രതിയായ കൊറിയോഗ്രാഫർക്കൊപ്പം പ്രവർത്തിച്ചതിനു പിന്നാലെ സംഗീത സംവിധായകൻ എ.ആർ. റഹ്മാന് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. പ്രായപൂർത്തിയാകാത്ത അസിസ്റ്റൻ്റ് കൊറിയോഗ്രാഫറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ കൊറിയോഗ്രാഫർ ജാനിമാസ്റ്ററാണ് എ.ആർ. റഹ്മാനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. രാം ചരണിൻ്റെ പെഡ്ഡി എന്ന ചിത്രത്തിലെ ‘ചിക്കിരി ചിക്കിരി’ എന്ന ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതിന് ശേഷമാണ് ജാനി മാസ്റ്റർ പോസ്റ്റ് പങ്കുവെച്ചത്.
“ഇതിഹാസമായ എ.ആർ. റഹ്മാൻ സാറിൻ്റെ ഗാനങ്ങൾ കണ്ടും അതിന് നൃത്തം ചെയ്തും വളർന്നവരാണ് ഞങ്ങൾ. അദ്ദേഹത്തിൻ്റെ സംഗീതത്തിൽ ‘ചിക്കിരി ചിക്കിരി’ എന്ന ഈ ചാർട്ട്ബസ്റ്റർ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും നന്ദി സർ.” - ചിത്രം പങ്കുവെച്ച് ജാനി മാസ്റ്റർ കുറിച്ചു.
ഈ പോസ്റ്റിനു പിന്നാലെയാണ് എ.ആർ. റഹ്മാൻ ഒരു കുറ്റാരോപിതനെ തനിക്കൊപ്പം സഹകരിപ്പിച്ചു എന്ന രീതിയിൽ വിമർശനം വരാൻ തുടങ്ങിയത്. ഇരുപതോളം സ്ത്രീകളിൽ നിന്ന് പരാതി നേരിട്ട തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനോടൊപ്പമുള്ള സഹകരണം റഹ്മാൻ നിർത്തിയതടക്കമുള്ള കാര്യങ്ങൾ ആരാധകർ ചൂണ്ടികാണിച്ചു.
ജാനി മാസ്റ്ററെ ഡാൻസേഴ്‌സ് അസോസിയേഷനിൽ നിന്ന് പുറത്താക്കിയില്ലേ? പിന്നെങ്ങനെയാണ് ഇയാൾക്ക് തുടർച്ചയായി സിനിമകളിൽ അവസരം ലഭിക്കുന്നത്? പീഡനക്കേസിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ആൾക്കൊപ്പമാണ് എ.ആർ. റഹ്മാൻ ഫോട്ടോയ്ക്ക് പോസ് ചെയ്തതെന്നും വിമർശനങ്ങൾ ഉയർന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് ജാനി മാസ്റ്റർക്കെതിരെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ലൈംഗികാതിക്രമത്തിന് പരാതി നൽകിയത്. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും ഫോട്ടോഷൂട്ടുകൾക്കും റിഹേഴ്സലുകൾക്കുമിടയിൽ മാനസികമായി പീഡിപ്പിച്ചതായും യുവതി ആരോപിച്ചു. തുടർന്ന് പോക്സോ വകുപ്പുകൾ പ്രകാരം ഗോവയിൽ വെച്ച് ജാനി അറസ്റ്റിലായി. പിന്നാലെ, ധനുഷ് അഭിനയിച്ച ‘തിരുച്ചിത്രമ്പലം’ എന്ന ചിത്രത്തിലെ ‘മേഘം കറുക്കാത’ എന്ന ഗാനത്തിന് അദ്ദേഹത്തിന് ലഭിച്ച മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മരവിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷമാണ് ഇദ്ദേഹം ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങിയ ശേഷം ജാനി മാസ്റ്റർ തെലുങ്ക് സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.