
ഒടുവിൽ കന്നഡ ഭാഷാ വിവാദത്തിൽ പ്രതികരിച്ച് കമൽ ഹാസൻ. കന്നഡ ഭാഷയെപ്പറ്റി പറഞ്ഞത് ആളുകൾ തെറ്റിദ്ധരിച്ചെന്നും കർണാടകയോടും ജനങ്ങളോടും സ്നേഹം മാത്രമാണെന്നും കമൽ വാർത്താകുറിപ്പിലൂടെ അറിയിച്ചു. കന്നഡ ഭാഷ തമിഴിൽ നിന്ന് ഉണ്ടായതാണെന്ന കമൽ ഹാസൻ്റെ പ്രസ്താവനയാണ് വിവാദമായത്. ഇതേ തുടർന്ന് താരത്തിൻ്റെ ഏറ്റവും പുതിയ സിനിമയായ തഗ് ലൈഫ് റിലീസ് കർണാടകയിൽ നിരോധിച്ചിരുന്നു.
ഒരു ഫിലിം പ്രമോഷൻ പരിപാടിക്കിടെയായിരുന്നു കമലിൻ്റെ അവകാശവാദം. ഇതിനെതിരെ കന്നഡ അനുകൂല ഗ്രൂപ്പുകളിൽ നിന്ന് പ്രതിഷേധമുയർന്നു. താരം പരസ്യമായി മാപ്പ് പറയണമെന്ന ആവശ്യവും ഉയർന്നു. എന്നാൽ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ നിലപാടെടുത്തതോടെ തഗ് ലൈഫ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് ഫിലിം ചേംബർ തീരുമാനിച്ചു.
ഇതിനെതിരെ കമൽ ഹാസൻ കർണാടക ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം ഹർജിയിൽ പറയുന്നു. എന്നാൽ, നിയമനടപടി സ്വീകരിച്ചാലും സംസ്ഥാനത്തെ ഒരു തീയറ്ററിലും ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് (കെഎഫ്‌സിസി).
37 വർഷങ്ങൾക്കു ശേഷം കമൽ ഹാസനും – മണി രത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജൂൺ 5നാണ് സിനിമ തിയറ്ററുകളിലെത്തുക. കമലിനൊപ്പം സിലമ്പരശൻ, തൃഷ, അഭിരാമി, ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, നാസർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. കേരളത്തിൽ ഗോകുലം മൂവീസാണ് സിനിമ വിതരണം ചെയ്യുന്നത്.