
കൊച്ചി : മിമിക്രികളിലൂടേയും ചാനല്‍ പരിപാടികളിലൂടെയും മലയാളികൾക്ക് സുപരിചതനാണ് കണ്ണന്‍ സാഗര്‍.ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കാറുള്ള കണ്ണന്‍ ഉപജീവന മാർഗത്തിനായി അടുത്തിടെ ഒരു ചെറിയ കച്ചവടം ആരംഭിച്ചിരുന്നു.
കലയില്‍ നിന്ന് കച്ചവടത്തിലേക്ക് എത്തിയപ്പോള്‍ കച്ചവടതന്ത്രങ്ങള്‍ അറിയാത്തതിനാല്‍ പറ്റിക്കപ്പെട്ടിരുന്നുവെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കണ്ണന്‍ പറയുന്നു.
കണ്ണന്‍ സാഗറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം......
കച്ചവടവും ഒരു കലതന്നെയാണ്, ഇടപെടലുകള്‍ കൊടുക്കല്‍വാങ്ങല്‍, കടം പറയല്‍ താമസിച്ചാല്‍ നമുക്ക് ചോദിക്കേണ്ട കടമയുള്ളതല്ലേ. അങ്ങനെ ചോദിച്ചുപോയാല്‍ വാങ്ങുന്നവരുടെ മുഖത്ത് അതുവരെ കാണാത്ത ഒരു വികാരം ജനിക്കും. ചിലപ്പോള്‍ രൂക്ഷമായി നോക്കും. അല്ലെങ്കില്‍ ഇനി കടം തീര്‍ത്തിട്ടേ സാധനങ്ങള്‍ വാങ്ങുന്നുള്ളൂ കട ഇവിടെ മാത്രമല്ലല്ലോ, പരാതിയും ഇതിനു മുന്‍പ് മേടിച്ചപ്പോള്‍ കൃത്യമായി തന്നില്ലേ പിന്നെന്താന്നുള്ള മനസ്സില്‍ കുത്തുന്ന വാക്കുകള്‍കൊണ്ട് ഒരടിയും. പിന്നെ നിങ്ങള്‍ക്ക് ഒരു ഗുണമാകട്ടെ എന്നു കരുതിയാ ഇങ്ങോട്ട് വരുന്നതും എന്നുള്ള മനോഭാവവും ഇതു പത്തുപേരോട് പറഞ്ഞിട്ടു തന്നെകാര്യം എന്ന ദാർഷ്ട്യവും. ഈ ലോകത്തു ഈ കുഞ്ഞു കടയില്‍ മാത്രമല്ല കേട്ടോ, ചെറുകിട കച്ചവടക്കാര്‍ അനുഭവിക്കുന്ന ഒരു ഭാഗം മാത്രമാണിത്,
സൗമ്യമായി വിശേഷങ്ങള്‍ തിരക്കി അവരുടെ സാമ്പത്തിക ബാധ്യതകളെ കുറിച്ചോ തൊഴില്‍ എങ്ങനെ പോകുന്നെന്നോ നാട്ടുവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു യാത്രകള്‍ പോയതിനെ കുറിച്ചു ചോദിച്ചും ശത്രുത ഉള്ളവരെ കുറിച്ചു കേട്ടറിഞ്ഞു അല്‍പ്പം എരിവും പുളിയും ചവര്‍പ്പും തെറിയും നിറഞ്ഞ സംസാരങ്ങള്‍ ആസ്വദിച്ചും അങ്ങനെ നിക്കണം. ഇവരുടെ ശത്രുക്കള്‍ ഇവിടെ വരാറുണ്ടെന്നു ഒരു വാക്ക് മിണ്ടരുത്. പിന്നെ പറ്റുമില്ല വരവും നിക്കും തരാനുള്ളതു ഗോവിന്ദയുമാകും. നമ്മളും വരുന്നവരെ അങ്ങനെ സുഖിപ്പിച്ചു നിക്കണം എന്നര്‍ത്ഥം. ദേഷ്യമോ നീരസത്തോടെയോ ചൂടായോ അര്‍ത്ഥം വെച്ചോ സംസാരം വന്നാല്‍ ഒരു കസ്റ്റുമര്‍ നഷ്ടമാകും.
കലാമേഖലയില്‍ നിന്നും കച്ചവടമേഖലയില്‍ വന്ന ഞാന്‍ പൊരുത്തപ്പെട്ടുപോകാന്‍ നന്നേ വിഷമിച്ചിരുന്നു, പറ്റിക്കപ്പെട്ടിരുന്നു. കച്ചവടതന്ത്രങ്ങള്‍ അറിയില്ലെന്നും നിങ്ങള്‍ക്ക് ചേര്‍ന്നതല്ല ഈ മേഖലയെന്നും പലരും ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു സൂചിപ്പിക്കുകയും അവിടെനിന്നും പതറാതെ പാഠങ്ങള്‍ ഒരുപാടു പഠിച്ചു. കല എപ്പോഴും കാടാക്ഷിക്കാത്ത ദിനങ്ങള്‍ക്ക് കുടുംബത്തിന്റെ ഭദ്രതയും നിത്യചിലവുകള്‍ക്കും ഒരു മാര്‍ഗ്ഗം വേണമെന്ന ചിന്തയില്‍ സ്വന്തം ഭാര്യയുടെ ഉള്ളില്‍ ഉദിച്ച തോന്നലാണ് ഈ കടയുടെ പിറവിതന്നെ. ഇടപെടലുകള്‍, സംസാരരീതികള്‍, പ്രവര്‍ത്തികള്‍, സൗഹൃദം, സ്‌നേഹം ഇതുമാത്രം പുറത്തെടുത്തു മുന്നോട്ട് പോകുകയാണ് നിലനില്‍പ്പിനു ആധാരം. അല്ലേലും അങ്ങനെയേ ആകാവൂ. കാരണം പല സ്വഭാവക്കാരും സമ്പത്തില്‍ ഏറിയും ഇറങ്ങിയും നില്‍ക്കുന്ന മനുഷ്യരും പദം പറഞ്ഞു കടം വാങ്ങുന്നവരും ഉടനേ തന്നേക്കാമെന്നു പറഞ്ഞു കടം വാങ്ങുന്നവരും പറ്റുകളില്‍ കൃത്രിമത്വമുണ്ടെന്നുപറഞ്ഞു പണം കുറയ്ക്കുന്നവരും നീണ്ടനാള്‍ കടം പറഞ്ഞു പോകുന്നവരും സാധനങ്ങള്‍ക്ക് കൃത്യം പണം തരുന്നവരും അങ്ങനെ വാങ്ങലുകാര്‍ പലവിധം,
ഈ വിഷുദിനത്തില്‍ ഉച്ചയായപ്പോള്‍ ഒരു ചേച്ചിവന്നു ഒരുകിലോ അരിവാങ്ങി. ഇനി കറിക്കുള്ളത് നോക്കണം എന്നു പറഞ്ഞപ്പോള്‍ ഞാനനുഭവിച്ച വേദനയും അവരുടെ നിസഹായാവസ്ഥയും മനസ്സില്‍ നിന്നും മായുന്നില്ല. എന്റെ ഈ കുഞ്ഞുകടയില്‍ ആവശ്യത്തിന് ഉള്ളത് ചേച്ചിക്ക് എടുക്കാം പണം പിന്നീടെന്നു പറഞ്ഞിട്ടും കടം കിടന്നാല്‍ ബാധ്യതയാകുമെന്നും പറഞ്ഞു ആ അരിയുമായി നടന്നുപോയി. ഇങ്ങനെയും ഉണ്ട് ചിലമനുഷ്യര്‍.