

ഏറ്റവും പുതിയ മേജർ രവി ചിത്രം 'പെഹല്‍ഗാം: ഓപ്പറേഷന്‍ സിന്ദൂര്‍' ഉടൻ ചിത്രീകരണമാരംഭിക്കും. ചിത്രത്തിൻ്റെ തിരക്കഥയുടെ പൂജ മൂകാംബികയിൽ നടന്ന ചിത്രങ്ങൾ മേജർ രവി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചു. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കഥയാകാം എന്നാണ് പേരിൽ നിന്നുള്ള സൂചന. 'മൂകാംബിക ദേവിയുടെ അനുഗ്രഹങ്ങളോടെ, ഞങ്ങളുടെ പുതിയ പ്രോജക്ട് ആരംഭിക്കുന്നു' എന്നാണ് പോസ്റ്റിൽ മേജർ രവി പറഞ്ഞിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ പൂജിച്ച ചിത്രവും ഒപ്പം പങ്ക് വെച്ചിട്ടുണ്ട്.
'കീർത്തിചക്രയും, കാണ്ടഹാറും, കർമ്മയോദ്ധയുമാകരുത് …. മിനിമം പിക്കറ്റ് 43 എങ്കിലുമാകണം' എന്നാണ് ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ കമൻ്റ്. മോഹൻലാലിനെ ചിത്രത്തിൽ നായകനാക്കണമെന്നും പ്രേക്ഷകരുടെ കമൻ്റുണ്ട്. നിലവിലെ വിവരങ്ങൾ പ്രകാരം ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകൻ. ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിക്കുന്നതും മേജർ രവി തന്നെയാണ്.
ബോളിവുഡ് താരം പരേഷ് റാവലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മേജർ രവിയുടെ മകൻ അർജുനും, തിരുനാവുക്കരശും ചേർന്നാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ബിയോണ്ട് ദ ബോർഡേഴ്സിന് ശേഷം ഒരിടവേള കഴിഞ്ഞാണ് മോഹൻലാലും മേജർ രവിയും ഒന്നിക്കുന്നത്. നിലവിൽ ദൃശ്യം 3 ഷൂട്ടിംഗിലാണ് മോഹൻലാൽ. ഇതിന് ശേഷം മറ്റൊരു ചിത്രവും കഴിഞ്ഞായിരിക്കും മേജർ രവിയുടെ ചിത്രത്തിൽ ലാൽ എത്തുക.