

തദ്ദേശ തിരഞ്ഞെടുപ്പു കാലത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായ പാരഡി ഗാനം ആലപിച്ച് കയ്യടി നേടി പി.സി വിഷ്ണുനാഥ് എം.എൽ.എ. ശബരിമല സ്വർണപ്പാളി വിവാദം പ്രമേയമാക്കിയ ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വീരമണി രാജു പാടിയ പ്രശസ്തമായ അയ്യപ്പഭക്തിഗാനത്തിന്റെ വരികൾ സ്വർണപ്പാളി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി അവതരിപ്പിക്കപ്പെട്ട ഗാനമാണ് പി.സി വിഷ്ണുനാഥ് ആലപിച്ചത്.
"ശബരിമല കൊള്ളയുമായി ബന്ധപ്പെട്ട് ഒരു പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നല്ലോ. ഇത് ആര് എഴുതിയതാണെന്ന് അറിയില്ല. സംഗീതം ചെയ്ത ആളെ അറിയില്ല. പാടിയ ആളെയും അറിയില്ല. സോഷ്യൽ മീഡിയയിൽ കണ്ടതാണ്." - എന്നായിരുന്നു പാരഡി ഗാനത്തെക്കുറിച്ച് എം.എൽ.എ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോട് ഡൽഹിയിൽ സംസാരിക്കവെയാണ് എംഎൽഎയുടെ പാട്ട്.
തിരഞ്ഞെടുപ്പുകാലത്ത് മലപ്പുറം സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്ന യുവാവാണ് ഈ പാരഡി ഗാനം വൈറലാക്കിയത്. സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിയ ഗാനം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ സജീവമായി. നാദാപുരം സ്വദേശിയായ കുഞ്ഞബ്ദുള്ള എന്ന വ്യക്തിയാണ് പാരഡി ഗാനം എഴുതിയതെന്നാണ് പുറത്തു വന്ന വിവരം. ജി.പി ചാലപ്പുറം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കുഞ്ഞബ്ദുള്ള പ്രവാസിയാണ്. ഖത്തറിലാണ് ഇപ്പോൾ. നാട്ടിൽ വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എഴുതിയ പാട്ട് മലയാളികൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് കുഞ്ഞബ്ദുള്ള. പാരഡി ഗാനങ്ങൾ മാത്രമല്ല നിരവധി മാപ്പിളപ്പാട്ടുകളുടെയും രചയിതാവാണ് കുഞ്ഞബ്ദുള്ള.