
ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'പരം സുന്ദരി'. തുഷാര്‍ ജെലോട്ടെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമാണ് സിനിമ. ഒടിടി റിലീസിന് ശേഷം വലിയ രീതിയിൽ ചിത്രം ട്രോളറിനും ഇരയായി.
ചിത്രത്തില്‍ ജാന്‍വി അവതരിപ്പിക്കുന്ന സുന്ദരി എന്ന കഥാപാത്രം മലയാളിയാണ്. സിനിമയുടെ കഥ നടക്കുന്നതും കേരളത്തിലാണ്. രഞ്ജി പണിക്കര്‍ അടക്കം മലയാളത്തില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ പരം സുന്ദരിയില്‍ ജാന്‍വി പറയുന്ന മലയാളവും കേരളത്തെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടുമൊക്കെ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.
എന്നാലിപ്പോൾ ചിത്രത്തെക്കുറിച്ച് വരുന്ന ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് രണ്‍ജി പണിക്കര്‍. അത്തരം ട്രോളുകളില്‍ കാര്യമില്ലെന്നാണ് തന്റെ അഭിപ്രായമെന്ന് രണ്‍ജി പണിക്കര്‍ പറഞ്ഞു. മലയാളികളല്ല ആ സിനിമയുടെ ടാര്‍ഗറ്റ് ഓഡിയന്‍സെന്നും അതിനാലാണ് അവര്‍ ആ രീതിയില്‍ സിനിമ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"മലയാളികളെ മോശമാക്കാനല്ല ആ ചിത്രമെടുത്തിരിക്കുന്നത്. നമ്മളെ മോശമായി ട്രീറ്റ് ചെയ്യുന്നുവെന്ന് നമുക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. അതൊരു ഫണ്‍ സിനിമയാണ്. മലയാളം ഡയലോഗുകള്‍ക്ക് വേണ്ടി മാത്രമായി അവര്‍ ഒരാളെ വെച്ചിട്ടുണ്ടായിരുന്നു. അത് മാത്രമല്ല, നമ്മള്‍ എന്തെങ്കിലും സജഷന്‍ പറഞ്ഞാല്‍ അതും അംഗീകരിക്കും. അങ്ങനെയായിരുന്നു ആ സിനിമയുടെ സെറ്റ്. നമ്മളെയൊക്കെ വലിയ കാര്യമായിരുന്നു. ഇപ്പോള്‍ വരുന്ന ചില ട്രോളിലൊന്നും യാതൊരു കാര്യവുമില്ലെന്നാണ് എന്റെ അഭിപ്രായം." - രഞ്ജി പണിക്കർ വ്യക്തമാക്കി.
"മലയാളത്തെക്കുറിച്ച് അവര്‍ക്കുള്ള അറിവ് വെച്ച് ചെയ്ത സിനിമയാണ്. നമ്മളും അതുപോലെ ചെയ്യാറുണ്ടല്ലോ. മറ്റൊരു നാട്ടിലുള്ളവരുടെ കഥ പറയുമ്പോള്‍ അതില്‍ നമുക്കുള്ള അറിവ് വെച്ചിട്ടാണല്ലോ ആ സിനിമ ചെയ്യുന്നത്. ഭാഷയുടെ കാര്യവും അതുപോലെ തന്നെയാണ്. നമ്മള്‍ പറയുന്നത് യഥാര്‍ത്ഥ ഹിന്ദിയാണെന്ന് വിചാരമുണ്ട്. അവരുടെ സൈഡില്‍ നിന്ന് നോക്കുമ്പോള്‍ നമ്മുടെ ഹിന്ദിക്കും പ്രശ്‌നമുണ്ട്." - ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.