

മാവേലിക്കര മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹി കൊറ്റാർകാവില്‍ രാഹുൽ മരണപ്പെട്ടു. ട്രെയിൻ തട്ടി ഗുരുതര പരിക്കേറ്റ രാഹുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. മരണത്തിൽ നടൻ മോഹൻലാൽ ദുഃഖം രേഖപ്പെടുത്തി.
'പ്രിയ സഹോദരൻ രാഹുലിന് വേദനയോടെ ആദരാഞ്ജലികൾ' എന്ന് പറഞ്ഞുകൊണ്ടാണ് താരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. 'ഓൾ കേരള മോഹൻലാൽ ഫാൻസ് മാവേലിക്കര ഏരിയ കമ്മറ്റി സെക്രട്ടറി ആയിരുന്നു രാഹുൽ’ എന്നും മോഹന്‍ലാല്‍ കുറിച്ചു. രാഹുലിന്റെ ചിത്രം പങ്കുവച്ച് കൊണ്ടാണ് ലാൽ ആദാരഞ്ജലികൾ നേർന്നത്.
മാവേലിക്കര കൊറ്റാർകാവ് ശ്രീദുർഗ്ഗ യുവജന സമിതി പ്രസിഡന്റായ രാഹുലിന് ട്രെയിൻ തട്ടി കാലിൽ ഗുരുതര പരിക്കേറ്റിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുകയായിരുന്നു രാഹുൽ.
മോഹന്‍ലാല്‍ ഫാന്‍സും രാഹുലിന് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലി അര്‍പ്പിച്ചു. കടുത്ത മോഹന്‍ലാല്‍ ആരാധകനായ രാഹുൽ, മോഹന്‍ലാല്‍ സിനിമകളുടെ വിശേഷവും ലൊക്കേഷന്‍ കാഴ്ചകളും സ്ഥിരം പങ്കുവയ്ക്കുമായിരുന്നു.