പ്രശസ്ത ഗായിക ദുവാ ലിപയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ബ്രിട്ടീഷ് നടൻ ക്യാലം ടെണറുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വിവാഹ നിശ്ചയത്തിന്റെ കാര്യം ഗായിക വെളിപ്പെടുത്തിയത്.
"അതെ, ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. ഇത് വളരെ ആവേശകരമായ കാര്യമാണ്. ജീവിതകാലം മുഴുവൻ നിങ്ങൾക്കൊപ്പം ജീവിക്കാൻ പോകുന്ന വ്യക്തിക്ക് നിങ്ങളെ നന്നായി അറിയാമെന്നത് വളരെ സന്തോഷകരമായ കാര്യമാണ്. ഒരുമിച്ച് വളരാനും, ജീവിതം കാണാനും, എന്നെന്നേക്കും ഉറ്റ സുഹൃത്തുക്കളായിരിക്കാനുമുള്ള ഈ തീരുമാനം ശരിക്കും ഒരു പ്രത്യേക വികാരമാണ്. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത, വധുവാകുന്നതിനെ കുറിച്ച് സ്വപ്നം കണ്ടിട്ടില്ലാത്ത ഒരാളായിരുന്നു ഞാൻ. എന്നിട്ട് ഇപ്പോൾ പെട്ടെന്ന് വിവാഹത്തെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി. വിവാഹത്തിന് എന്ത് ധരിക്കും എന്നൊക്കെയാണ് ചിന്തിക്കുന്നത്." - ദുവാ പറഞ്ഞു.
വിവാഹ നിശ്ചയത്തെ കുറിച്ച് തുറന്ന് പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് വെളിപ്പെടുത്താൻ ഗായിക തയാറായില്ല. ക്യാലം ടെണറുടെ ഷൂട്ടിങ്ങും ദുവാ ലിപയുടെ വേൾഡ് ടൂറും പൂർത്തിയായ ശേഷമായിരിക്കും വിവാഹം. വലിയ സന്തോഷത്തോടെയാണ് ആരാധകർ ദുവയുടെ വിവാഹ നിശ്ചയ വാർത്ത സ്വീകരിച്ചത്.