
കവിയൂർ പൊന്നമ്മയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വർഷം. നടിയെ അനുസ്മരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ട് മോഹൻലാൽ. കവിയൂർ പൊന്നമ്മയുടെ ചിത്രം പങ്കുവെച്ചു കൊണ്ട് 'ഓർമ്മപൂക്കൾ' എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ സൂപ്പർ താരങ്ങളുടെ അമ്മയായും അമ്മൂമ്മയായും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയായെത്തിയ വേഷങ്ങളാണ് അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. മോഹന്‍ലാല്‍ തന്നെ പല വേദികളില്‍ പറഞ്ഞിട്ടുണ്ട് എന്‍റെ സ്വന്തം അമ്മയാണ് കവിയൂര്‍ പൊന്നമ്മയെന്ന്.
50 ഓളം ചിത്രങ്ങളിൽ മോഹൻലാലിൻറെ അമ്മയായും അല്ലാതെയും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. കിരീടം, ചെങ്കോൽ, തേന്മാവിൻ കൊമ്പത്ത്, ക്രിസ്ത്യൻ ബ്രദേഴ്സ്, കാക്കക്കുയിൽ, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഗാന്ധർവ്വം, വിയറ്റ്നാം കോളനി, നാട്ടുരാജാവ്, വടക്കുംനാഥൻ, ഇവിടം സ്വർഗ്ഗമാണ്, ഗാന്ധർവ്വം, ഉത്സവപിറ്റേന്ന്, മിസ്റ്റർ ബ്രഹ്മചാരി തുടങ്ങി മലയാളികൾ എത്ര കണ്ടാലും മടുക്കാത്ത നിരവധി ചിത്രങ്ങളിൽ ഇവർ ഒന്നിച്ചിട്ടുണ്ട്.
1959 ൽ നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ കവിയൂർ പൊന്നമ്മ 1962 ൽ 'ശ്രീരാമ പട്ടാഭിഷേകം' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. നിരവധി മലയാള സിനിമകൾക്ക് പുറമേ സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ല്‍ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.