കൊച്ചി : ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് ഉദ്യോഗസ്ഥർ നടൻ ദുൽഖർ സൽമാന്റെ വീട്ടിൽ നടത്തിയ പരിശോധന പൂർത്തിയായി. 13 മണിക്കൂർ നീണ്ടുനിന്ന പരിശോധന പൂർത്തിയാക്കിയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ എളംകുളത്തെ വീട്ടിൽ നിന്ന് മടങ്ങിയത്. വാഹനങ്ങളുടെ രേഖകൾ, ഉടമസ്ഥ വിവരങ്ങൾ, പണം നൽകിയ രീതി തുടങ്ങിയ വിവരങ്ങളാണ് ഇ ഡി നടനിൽ നിന്നും തേടിയത്.
ദുല്‍ഖറിന്‍റെ വീടുള്‍പ്പെടെ 17 ഇടങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രാവിലെ ആറരയോടെയാണ് ദുല്‍ഖറിന്റെ വീട്ടില്‍ ഇഡി റെയ്ഡ് തുടങ്ങിയത്.ദുൽഖറിന് പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും വിവിധ കാർ ഷോറൂമുകളിലും ഉൾപ്പെടെ ഇ ഡി പരിശോധന നടത്തി.
അതേ സമയം, ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ നുംഖൂർ എന്ന് പേരിട്ടായിരുന്നു കസ്റ്റംസ് നേരത്തെ താരങ്ങൾ ഉൾപ്പടെയുള്ളവരുടെ വീടുകളിൽ പരിശോധ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് സംശയിക്കുന്നതായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കമ്മീഷണർ ഡോ ടി.ടിജു ആരോപണം ഉന്നയിച്ചിരുന്നു. കസ്റ്റംസ് റെയിഡിൽ നിന്നും ലഭിച്ച വിവരങ്ങൾ മറ്റു കേന്ദ്ര ഏജൻസികൾക്കും കസ്റ്റംസ് നൽകിയിട്ടുണ്ട്.ഇതിനു പിന്നാലെ ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട അനധികൃത ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. തുടർന്നാണ് കസ്റ്റംസ് പരിശോധന നടത്തിയ താരങ്ങളുടെ വീടുകളിൽ ഇഡിയും പരിശോധന തുടങ്ങിയത്.