
കഴിഞ്ഞ ദിവസം പുതിയ ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായി ഒരു കോളജിൽ എത്തിയ ഷെയ്ൻ നിഗത്തെ ഒരു പെൺകുട്ടി തോണ്ടി വിളിക്കുന്നതും ഷെയ്ൻ ആ പെൺകുട്ടിയെ ശ്രദ്ധിക്കാതെ നടന്നു പോകുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതോടെ ഷെയ്നിന് അഹങ്കാരമാണെന്നും ആരാധകരോട് പെരുമാറാൻ അറിയില്ലെന്നും ഒക്കെ വിമർശനങ്ങലുണ്ടായി. ഇപ്പോൾ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം.
വൈറൽ വീഡിയോയിൽ താരത്തെ തോണ്ടി വിളിച്ച പെൺകുട്ടിയെ അടുത്ത പ്രെമോഷൻ പരിപാടിയിലേക്ക് നേരിട്ട് ക്ഷണിച്ച താരം, അന്ന് നടന്ന കാര്യങ്ങൾ വിശദമാക്കുകയും ചെയ്തു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡിയോ എഡിറ്റ് ചെയ്ത് അപ്‍ലോഡ് ചെയ്‌തുവെന്നും തനിക്കിതൊക്കെ ശീലമുള്ളതാണെന്നും താരം പറയുന്നു. നടന്ന കാര്യത്തിൽ വിശദീകരണം നൽകാൻ താൻ ബാധ്യസ്ഥനാണെന്നും ഷെയ്ൻ പറഞ്ഞു.
ആ വീഡിയോ എഡിറ്റ് ചെയ്ത ആളോട് നന്ദിയുണ്ടെന്നും താരം പറയുന്നു. താൻ തിരിഞ്ഞു നോക്കി വിഷ് ചെയ്തിരുന്നു. പക്ഷേ അത് കട്ട് ചെയ്ത് കളഞ്ഞിട്ടാണ് വീഡിയോ പങ്കുവച്ചതെന്നും താരം പറയുന്നു. വീഡിയോ കണ്ടവർ എന്തുകൊണ്ട് താൻ മൈൻഡ് ചെയ്യാതെ പോയി എന്ന് സ്വാഭാവികമായി ചിന്തിച്ചിട്ടുണ്ടാകും. അവരോട് പറയുകയാണ്, ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള വിഡിയോസ് ആണ് വൈറൽ ആകുന്നത്. നെഗറ്റിവിറ്റിയാണ് ഇപ്പോൾ കൂടുതൽ പ്രചരിക്കുന്നത്. തങ്ങൾ ഇറക്കിയ പാട്ടിനേക്കാൾ റീച്ച് ഉണ്ട് അതിന്. താൻ അറിയാതെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ഷെയ്ൻ പറഞ്ഞു. വൈറലായ വിഡിയോയിലെ പെൺകുട്ടിയെ സിനിമയുടെ പ്രമോഷന് വിളിക്കുകയും മുഴുവൻ ടീമിനോടൊപ്പം പെൺകുട്ടിയെ നിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തുകൊണ്ടാണ് ഷെയ്ൻ ഈ വിവാദത്തിന് മറുപടി നൽകിയത്.
അതേസമയം, സംഭവത്തിൽ പ്രതികരിച്ച് പെൺകുട്ടിയും രംഗത്തെത്തി. താൻ ആദ്യം തന്നെ ഷെയ്‌നിന് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് നിൽക്കുകയായിരുന്നുവെന്നും തന്റെ പിന്നിൽ നിന്ന ചേച്ചിക്ക് ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം എന്ന് പറഞ്ഞപ്പോഴാണ് താൻ തോണ്ടിയതെന്നും ആ തോണ്ടൽ മാത്രമേ വിഡിയോയിൽ ഉള്ളൂവെന്നുമാണ് പെൺകുട്ടി പറയുന്നത്.