
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച്, ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രമാണ് 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'. 267 കോടി ആഗോള കളക്ഷൻ നേടിയ ചിത്രം മലയാള സിനിമയിലെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം മലയാളത്തിലെ ഓൾ ടൈം റെക്കോർഡ് ഇട്ട് ആഗോള ഗ്രോസർ ആയി മാറിയത്.
തീയറ്ററുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റിലീസിനായി ആരാധകർ കാത്തിരിക്കുകയാണ്. എന്നാലിപ്പോൾ ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട് നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം അടുത്തൊന്നും ഒടിടിയിൽ വരില്ലെന്നാണ് ദുൽഖർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.
"ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കൂ, ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കൂ." - എന്നാണ് ദുൽഖർ സൽമാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ് ലോക- ചാപ്റ്റർ വൺ: ചന്ദ്ര. മലയാള സിനിമയെ സംബന്ധിച്ചും ഏറെ അഭിമാനകരമാണ് ഇത്. ഒരു സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം, അതും കേന്ദ്ര കഥാപാത്രമായി നായിക വരുന്ന ചിത്രത്തിനാണ് ഈ നേട്ടം എന്നത് രാജ്യമൊട്ടുക്കുമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കുമിടയില്‍ ചര്‍ച്ച ആയിട്ടുണ്ട്. ചിത്രം 300 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യ മലയാള ചിത്രം ആവുമോ എന്നതാണ് മറ്റൊരു കാത്തിരിപ്പ്.