
മേക്കോവറിലൂടെ മലയാളികളെ ഞെട്ടിച്ച ഗായികയാണ് റിമി ടോമി. ഫിറ്റ്നസ് ഫ്രീക്കായ താരം താൻ സ്ഥിരമായി പോകുന്ന ജിമ്മിന് എഴുതിയ കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾക്കൊപ്പമാണ് റിമി ടോമി കത്ത് പങ്കുവച്ചത്. തന്റെ ഏറ്റവും തിരക്കേറിയ ദിവസങ്ങളിൽ പോലും ജിമ്മിൽ പോകാറുണ്ടെന്ന് റിമി കുറിച്ചു. ശരീരത്തിന് അപ്പുറത്ത് മനസ്സിനെ കൂടി ഉണർത്തുന്നതാണ് ജിം എന്നും റിമി ടോമി കത്തില്‍ പറയുന്നു.
റിമി ടോമി പങ്കുവച്ച കത്ത്:
എന്റെ ജിമ്മിനുള്ള പ്രണയലേഖനം... എന്റെ ഏറ്റവും ക്ഷീണിതവും തിരക്കേറിയതുമായ ദിവസങ്ങളിൽ പോലും ഞാൻ ഇവിടെ എത്താൻ ശ്രമിക്കാറുണ്ട്. എന്തുകൊണ്ടാണ് എനിക്ക് ഈ സ്ഥലം ഇത്രയധികം ഇഷ്ടം എന്ന് എനിക്ക് അറിയില്ല. ഒരുപക്ഷേ അതിന് കാരണം ഇവിടുത്തെ പോസിറ്റീവ് വൈബ്, സംഗീതം, ശക്തി ഒക്കെ ആയിരിക്കാം. ഡംബെൽസ് ശരിക്കും എന്റെ ഉറ്റ സുഹൃത്തുക്കളായി മാറിയിരിക്കുന്നു. എന്റെ സമ്മർദം ഇല്ലാതാക്കുന്ന, എന്നെ സന്തോഷിപ്പിക്കുന്ന സ്ഥലമാണിത്. എന്തിനേറെ എനിക്ക് ഒരു പനി വരുമ്പോൾ പോലും എന്റെ ആദ്യത്തെ ചിന്ത എങ്ങനെ ജിമ്മിൽ പോകും എന്നതാണ്. കാരണം ഈ സ്ഥലം എന്റെ ശരീരത്തെ മാത്രമല്ല എന്റെ ആത്മാവിനെയും ഉയർത്തുന്നു.
വലിയ ജനശ്രദ്ധയാണ് കത്തിന് ലഭിക്കുന്നത്. ‘മസ്സിലൊക്കെ വന്നു’, ‘ആൾ പൊളി ആയി’, ‘ഇതാണ് യഥാർഥ ട്രാൻസ്ഫർമേഷൻ’ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെയുള്ള ചില കമന്റുകൾ. ജിമ്മിൽ പോകാനുള്ള പ്രചോദനം നൽകുന്നത് റിമി ടോമിയാണെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.
ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോയും റിമി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്. അവയൊക്കെ വലിയ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.