‘‘കരയല്ലെ നെഞ്ചെ കരയല്ലെ... ഇന്നു വീണ മുറിവ് നാളെ അറിവല്ലെ...’’ പുലിപ്പല്ല് കേസിൽ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ ‘തെരുവിന്റെ മകൻ’ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറക്കി റാപ്പർ വേടൻ. 30 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസറിൽ നായയുടെ ചിത്രമുള്ള കോട്ട് ധരിച്ചാണ് വേടൻ പ്രത്യക്ഷപ്പെടുന്നത്. ടീസറിനു താഴെ നിരവധി പേര്‍ വേടന് പിന്തുണയറിയിച്ചെത്തി. തീക്കനലുള്ള വരികളാണ് പാട്ടിന്റേതെന്നാണ് ആരാധകരുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് വേടന്റെ ആദ്യത്തെ പ്രേമപ്പാട്ടായ ‘മോണലോവ’ പുറത്തിറങ്ങിയത്. 2.27 മിനിറ്റ് ദൈർഘ്യമുള്ള പാട്ടിന്റെ പൂർണ പതിപ്പാണ് പ്രേക്ഷകർക്കു മുന്നിലെത്തിയത്. ഒറ്റ ദിവസം കൊണ്ട് 7 ലക്ഷത്തോളം ആളുകൾ മോണലോവ കണ്ടുകഴിഞ്ഞു.
തിങ്കളാഴ്ചയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവുമായി വേടനെ പിടികൂടിയത്. തുടര്‍ന്ന് വേടന്റെ കഴുത്തിലെ മാലയിലെ പുലിപ്പല്ല് യഥാർഥമാണെന്ന് ആരോപിച്ച് വനംവകുപ്പ് കസ്റ്റഡിലെടുക്കുകയായിരുന്നു. ഇന്നലെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വേടന് ജാമ്യം അനുവദിച്ചു. മനഃപൂർവം തെറ്റ് ചെയ്തിട്ടില്ലെന്നാണ് വേടന്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതോടെ വേടന്റെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പല സംഗീതപരിപാടികളും റദ്ദ് ചെയ്യുകയുണ്ടായി.