
'അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ. വരുന്ന ഭരണസമിതി നല്ല ഭരണം കാഴ്ചവെക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ആരും വിട്ടുപോയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. 'വോട്ട് ചെയ്തു, നല്ല ഭരണസമിതി വരുമെന്ന് പ്രതീക്ഷയുണ്ട്. ആരും സംഘടന വിട്ടു പോകുന്നില്ല. അംഗങ്ങളെല്ലാം ചേർന്ന് മികച്ച നേതൃത്വത്തെ തെരഞ്ഞെടുക്കും', മോഹൻലാൽ പറഞ്ഞു. ആന്റണി പെരുമ്പാവൂരിന് ഒപ്പമാണ് മോഹൻലാൽ എത്തിയത്.
ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ രാവിലെ 9.30 ഓടെ ആരംഭിച്ച വോട്ടെടുപ്പ് ഉച്ചക്ക് ഒരു മണി വരെ തുടരും. അതിനുശേഷം വോട്ടെണ്ണൽ ആരംഭിക്കും. മൂന്നര മുതൽ ഫലപ്രഖ്യാപനമുണ്ടാകും. അഞ്ഞൂറോളം അംഗങ്ങളാണ് സംഘടനയിലുള്ളത്. 74 പേർ നാമനിർദേശപത്രിക സമർപ്പിച്ച ഭാരവാഹി തെരഞ്ഞെടുപ്പിൽ അവസാന നിമിഷം ഭൂരിഭാഗംപേരും പിൻവാങ്ങുകയായിരുന്നു. സൂക്ഷ്മപരിശോധനയിൽ പത്തെണ്ണം തള്ളുകയും ചെയ്തു. പ്രസിഡൻറ് സ്ഥാനത്തേക്ക് ജഗദീഷ്, ജനറൽ സെക്രട്ടറിയായി ബാബുരാജ് എന്നിവരും മത്സരിക്കാൻ തീരുമാനിച്ചിരുന്നു. പ്രസിഡൻറായി വനിത എത്തട്ടെയെന്ന് പറഞ്ഞായിരുന്നു ജഗദീഷിന്റെ പിന്മാറ്റം.
മോഹൻലാൽ ഒഴിവായതോടെ പ്രസിഡൻറ് സ്ഥാനത്തേക്ക് ശ്വേത മേനോൻ, ദേവൻ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി ശിവപാൽ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്നത്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവർ വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ഏഴംഗ എക്സിക്യൂട്ടിവിലേക്ക് 11 പേരാണ് മത്സരിക്കുന്നത്. ജോയിൻറ് സെക്രട്ടറിസ്ഥാനത്തേക്ക് എതിരില്ലാതെ അൻസിബ ഹസ്സൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.