‘‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’, വിവാഹഫോട്ടോ പങ്കുവച്ച് നടി ഗ്രേസ് ആന്റണി; വരൻ യുവ സംഗീത സംവിധായകൻ | Celebrity Wedding

ഒൻപത് വർഷത്തെ പ്രണയത്തിനുശേഷമാണ് ഗ്രേസ് ആന്റണിയും എബി ടോം സിറിയകും വിവാഹിതരായത്
Grace Antony
Published on

ഒൻപത് വർഷത്തെ പ്രണയത്തിനൊടുവിൽ നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക് ആണ് വരൻ. ആളും ആരവങ്ങളൊന്നുമില്ലാതെ പ്രേക്ഷകർക്കും ഒരു സർപ്രൈസ് ആയാണ് തന്റെ വിവാഹ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ നടി പങ്കുവച്ചത്.

തുതിയൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സഹപ്രവർത്തകരും പ്രേക്ഷകരും ഉൾപ്പടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

‘‘ശബ്ദങ്ങളില്ല, ലൈറ്റുകളില്ല, ആൾക്കൂട്ടമില്ല. ഒടുവിൽ ഞങ്ങൾ ഒന്നായി’’ എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വിവാഹ ചിത്രം പങ്കുവച്ചത്. ‘ജസ്റ്റ് മാരീഡ്’ എന്ന ഹാഷ്ടാഗോടെ താലിയുടെ ചിത്രവും പങ്കുവച്ചു.

പരവരാകത്ത് ഹൗസിൽ സിറിയക് തോമസിന്റെയും ഷാജി സിറിയക്കിന്റെയും മകനാണ് എബി ടോം സിറിയക്. മുളന്തുരുത്തി തെറ്റാലിക്കൽ ഹൗസിൽ ആന്റണി ടി ജെയുടെയും ഷൈനി ആന്റണിയുടെയും മകളാണ് ഗ്രേസ് ആന്റണി. ഇരുവരും കൊച്ചിയിലാണ് ഇപ്പോൾ സ്ഥിരതാമസം.

കുമ്പളങ്ങി നൈറ്റ്സ്, റോഷാക്ക്, പറന്ത് പോ, നാഗേന്ദ്രന്റെ ഹണിമൂൺ, അപ്പൻ, നുണക്കുഴി തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും സീരീസുകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ അഭിനേത്രിയാണ് ഗ്രേസ് ആന്റണി. 2016ൽ പുറത്തിറങ്ങിയ ‘ഹാപ്പി വെഡ്ഡിങ്’ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയത്തിൽ സജീവമാകുന്നത്.

എബി ടോം സിറിയക് മ്യൂസിക് കമ്പോസർ, അറേഞ്ജർ, മ്യൂസിക് പ്രൊഡ്യൂസർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. 2016 ൽ പുറത്തിറങ്ങിയ ‘പാവാട’ എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി കന്നഡ എന്നിവയുൾപ്പെടെ 300 ലധികം സിനിമകളിലും ഓഫിസർ ഓൺ ഡ്യൂട്ടി, നരിവേട്ട, ലോക എന്നിവയുൾപ്പെടെ ഏറ്റവും പുതിയ റിലീസുകളുള്ള രാജ്യാന്തര നെറ്റ്ഫ്ലിക്സ് പരമ്പരകളിലും എബി ടോം പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com