
നടൻ നിവിൻ പോളിയുടെ ആദ്യ വെബ് സീരിസായ ‘ഫാർമ’ പ്രദർശനത്തിനെത്തുന്നു. ഇതിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്തത് പി ആർ അരുണാണ്. പ്രമുഖ ബോളിവുഡ് താരം രജിത് കപൂറും സീരിസിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഈ വെബ് സീരിസ് ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്.
ജിയോ ഹോട്ടസ്റ്റാറിലാണ് ‘ഫാർമ’ പ്രദർശനത്തിനെത്തുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഉടൻ തന്നെ സീരിസ് പ്രദർശനം ആരംഭിക്കുമെന്നാണ് വിവരം. ‘കേരള ക്രൈം ഫയൽസ്’, ‘മാസ്റ്റർപീസ്’, ‘പേരില്ലൂർ പ്രീമിയർ ലീഗ്’, ‘1000 ബേബീസ്’, ‘കേരള ക്രൈം ഫയൽസ് 2’ എന്നീ സീരിസുകൾക്ക് ശേഷം ജിയോ ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ സീരീസാണ് ‘ഫാർമ’.
നിവിൻ പോളി നായകനാവുന്ന വെബ് സീരിസിൽ നരേൻ, പ്രശാന്ത് അലക്സാണ്ടർ, ശ്രുതി രാമചന്ദ്രൻ, വീണ നന്ദകുമാർ, മുത്തുമണി, ബിനു പപ്പു, അലേഖ് കപൂർ തുടങ്ങിയവരും സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് സീരിസിന്റെ നിർമ്മാണം. ജെക്‌സ് ബിജോയാണ് സംഗീതം ഒരുക്കുന്നത്. അബിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് കൈകാര്യം ചെയ്തത് ശ്രീജിത്ത് സാരംഗാണ്.
പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ എന്ന സിനിമയ്ക്ക് ശേഷം പി ആർ അരുൺ സംവിധാനം ചെയ്യുന്ന സീരീസാണ് ‘ഫാർമ’. മെഡിക്കൽ ഡ്രാമ ഗണത്തിൽ പെടുന്ന ഈ ടീസറിന്റെ പോസ്റ്ററിൽ ഒരു ഗുളികയുടെ കവറിനുള്ളിൽ കിടക്കുന്ന നിവിനെയാണ് കാണാൻ കഴിയുക. ഒരു സെയിൽസ്മാന്റെ കഥയാണിതെന്ന് ടാഗ്‌ലൈനിൽ പറയുന്നുണ്ട്. ഗോവയിലെ പനാജിയിൽ സ്ഥിതിചെയ്യുന്ന INOX-ൽ വച്ച് 2024 നവംബർ 27ന് ‘ഫാർമ’യുടെ വേൾഡ് പ്രീമിയർ നടന്നിരുന്നു.