
തെന്നിന്ത്യയിലെ ഏറ്റവും ആരാധകരുള്ള താരമാണ് വിജയ് ദേവെരകൊണ്ട. സമീപകാലത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളൊന്നും വിജയം കണ്ടില്ല. താരത്തിന്റേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് കിങ്‍ഡം. കിങ്ഡത്തിന്റെ പുതിയ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ ട്രെയിലര്‍ ലോഞ്ചിന്റെ അപ്‍ഡേറ്റാണ് പുറത്തുവിട്ടത്.
ജൂലൈ 26 നായിരിക്കും ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുക. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദര്‍ വാങ്ങിക്കുന്ന പ്രതിഫലവും ചര്‍ച്ചയാകുന്നുണ്ട്. കിങ്ഡം എന്ന ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിക്കുന്നത്. പശ്ചാത്തല സംഗീതത്തിനായി അനിരുദ്ധ് സമയം അധികമെടുത്തതിനാലാണ് കിങ്‍ഡം വൈകിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈ 31നാണ് ചിത്രത്തിന്റെ റിലീസ്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉണ്ടായിരുന്നത്. ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് കിങ്ഡമിന്റെ രചനയും സംവിധാനവും. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.