

അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന ‘കൃഷ്ണാഷ്ടമി’ എന്ന സിനിമയിലെ പുതിയ ഗാനം പുറത്ത്. ‘വൃന്ദാവനം വിശാലവനം’ എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അഭിലാഷ് ബാബുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഔസേപ്പച്ചനാണ്. ഹൃദ്യമായ ഈ ഗാനം ആലപിച്ചിരിക്കുന്നത് അമൽ ആന്റണിയാണ്.
ഒരു മിനിറ്റും 20 സെക്കന്റും മാത്രം ദൈർഘ്യമുള്ള ഗാനത്തിന് വലിയ ശ്രദ്ധയാണ് ലഭിക്കുന്നത്. വ്യത്യസ്തമായ ഗാനമാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ‘സൂപ്പർ’, ‘ബ്യൂട്ടിഫുൾ’, ‘മനോഹരം’ എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള ചില കമന്റുകൾ.
ഏറെ പ്രത്യേകതകളുള്ള സിനിമയാണ് ‘കൃഷ്ണാഷ്ടമി’ എന്നാണ് ചിത്രത്തെ കുറിച്ച് ഔസേപ്പച്ചൻ പ്രതികരിച്ചത്. "ഇതൊരു പരീക്ഷണ ചിത്രമാണ്. അനിൽ അമ്പലക്കരയാണ് ചിത്രത്തിന്റെ നിർമാതാവ്. ഒരു പൊളിറ്റിക്കൽ സറ്റയർ ആണ് സിനിമ. ഏഴു പാട്ടുകളുണ്ട് ഇതിൽ. അതിൽ രണ്ടെണ്ണം വൈലോപ്പിള്ളി മാഷിന്റേതാണ്. എല്ലാ പാട്ടുകളും കൃഷ്ണനെക്കുറിച്ചുള്ളതാണ്." - ഔസേപ്പച്ചൻ പറഞ്ഞു.