
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ 74-ാം ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ‘കളങ്കാവലി’ന്റെ പുത്തൻ പോസ്റ്റർ പുറത്തുവിട്ടു. ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ വിനായകനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവിട്ട ടീസർ വൻ ഹിറ്റായിരുന്നു. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് വേഫറർ ഫിലിംസാണ്.
മലയാള സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ‘കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായെത്തിയ ‘കുറുപ്പ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കളങ്കാവലിൻ്റെ തിരക്കഥ ഒരുക്കിയത് ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ്. നേരത്തെ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
സിനിമയിൽ മമ്മൂട്ടി, 'സയനൈഡ് മോഹൻ' എന്ന കൊടും കുറ്റവാളിയുടെ വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യം അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിട്ടില്ല. മമ്മൂട്ടി ചിത്രത്തിൽ വില്ലനായാണോ എത്തുന്നതെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു സംവിധായകൻ ജിതിൻ കെ ജോസിന്റെ പ്രതികരണം. പല ഷേഡുകളുള്ള കഥാപാത്രങ്ങളെ സിനിമയിൽ കാണാനാവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
20 യുവതികളെ ബലാത്സംഗം ചെയ്തതിന് ശേഷം കൊലപ്പെടുത്തിയ കൊടും കുറ്റവാളിയാണ് സയനൈഡ് മോഹൻ എന്നറിയപ്പെടുന്ന മോഹൻകുമാർ. കർണാടകയിലെ മംഗളൂരുവിൽ കായികാധ്യാപകനായിരുന്നു അയാൾ. 2003 മുതൽ 2009 വരെയുള്ള കാലയളവിലാണ് നാല് മലയാളികളെ ഉൾപ്പടെ ഇരുപത് യുവതികളെ മോഹൻകുമാർ സയനൈഡ് നൽകി കൊലപ്പെടുത്തിയത്.
‘കളങ്കാവൽ’ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. മുജീബ് മജീദാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ജോർജ് സെബാസ്റ്റ്യനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ സിംഗാണ് ലൈൻ പ്രൊഡ്യൂസർ. പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിലുമാണ്.
ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ബോസ്, മേക്കപ്പ് – അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം – അഭിജിത്ത് സി, സ്റ്റിൽസ് – നിദാദ്, പബ്ലിസിറ്റി ഡിസൈൻസ് – ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – വിഷ്‌ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ – ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.