

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ 'കളങ്കാവല്‍'. മറ്റൊരു നവാഗത സംവിധായകനൊപ്പം വീണ്ടും മമ്മൂട്ടി എത്തുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. മറ്റൊരു ശ്രദ്ധേയ കഥാപാത്രമായി വിനായകനും എത്തുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. ഡിസംബര്‍ 5 നാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോൾ ചിത്രത്തിന്‍റെ ഒരു പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഒരു മുറിക്കുള്ളില്‍ നിന്ന് പുറത്തേക്ക് നോക്കുന്ന തരത്തിലുള്ള മമ്മൂട്ടിയുടെ ലുക്ക് ആണ് വേറിട്ട ഡിസൈനോടെ പോസ്റ്ററില്‍. ആഷിഫ് സലിം ആണ് ചിത്രത്തിന്‍റെ പബ്ലിസിറ്റി ഡിസൈനര്‍. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകിയത്.
ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കയ്യടി നേടുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയ്‌ലറിന് മുൻപ് പുറത്ത് വന്ന, ചിത്രത്തിലെ "നിലാ കായും" എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനായി കാത്തിരിക്കുന്നത്. ചിത്രത്തിൻ്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.