തെലുങ്കു സൂപ്പർതാരം നന്ദമുരി ബാലകൃഷ്‍ണയെ നായകനാക്കി ഗോപിചന്ദ് മലിനേനി ഒരുക്കുന്ന ചരിത്ര ഇതിഹാസ ചിത്രത്തിൽ നായികയായി നയൻതാര. നയൻതാരയുടെ ജന്മദിനം പ്രമാണിച്ചാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 'എൻബികെ111' എന്ന് താൽകാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ്. 'വീര സിംഹ റെഡ്ഡി' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നന്ദമുരി ബാലകൃഷ്‍ണ- ഗോപിചന്ദ് മലിനേനി ടീം ഒന്നിക്കുന്ന ചിത്രമാണിത്. "പെദ്ധി" എന്ന പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നതിനൊപ്പം വെങ്കട സതീഷ് കിലാരു വൃദ്ധി സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'എൻബികെ111'. (Nayanthara)
സിംഹ, ജയ് സിംഹ, ശ്രീ രാമ രാജ്യം എന്നിവക്ക് ശേഷം ബാലകൃഷ്‍ണ - നയൻതാര ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. ചിത്രത്തിൻ്റെ കഥയിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒരു നായികാ കഥാപാത്രതെയാണ് നയൻതാര ഇതിൽ അവതരിപ്പിക്കുക. ബാലകൃഷ്‍ണ, നയൻതാര ടീമിനെ ഇതുവരെ കാണാത്ത തരത്തിൽ അവതരിപ്പിക്കുയാണ് അണിയറ പ്രവർത്തകരുടെ ലക്ഷ്യം എന്ന് പ്രഖ്യാപന വീഡിയോ കാണിച്ചു തരുന്നു. കുതിരപ്പുറത്ത് വരുന്ന നയൻതാരയെ അവതരിപ്പിച്ചു കൊണ്ട്, ഈ ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് വെളിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
മാസ്, കൊമേഴ്സ്യൽ എന്റർടെയ്‍നറുകളിലെ വൈദഗ്ധ്യത്തിന് പേരുകേട്ട സംവിധായകൻ ഗോപിചന്ദ് മലിനേനി ആദ്യമായി ഒരുക്കാൻ പോകുന്ന ചരിത്ര ഇതിഹാസ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്. മഹത്വവും ചരിത്രവും വമ്പൻ ആക്ഷനും സംയോജിപ്പിക്കുന്ന ഒരു ഇതിഹാസ കഥയിലൂടെ, ബാലകൃഷ്‍ണയുടെ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു അവതരണം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ. ചിത്രത്തിലെ ബാക്കിയുള്ള അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും പിന്നീട് പ്രഖ്യാപിക്കും.