
നയൻതാരയുടെ ഡോക്യുമെന്ററിയായ 'നയൻതാര: ബിയോണ്ട് ദി ഫെയറിടെയ്ൽ' വീണ്ടും നിയമക്കുരുക്കിൽ. അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്ന് ആരോപിച്ച് സിനിമയുടെ നിര്‍മാതാക്കള്‍ മാസങ്ങള്‍ക്ക് മുമ്പ് നയന്‍താരക്കും നെറ്റ്ഫ്ലിക്സിനും നോട്ടീസ് അയച്ചിരുന്നു. ചന്ദ്രമുഖിയുടെ പകര്‍പ്പകവകാശം കൈവശമുള്ള എ. പി ഇന്റര്‍നാഷ്ണല്‍ മദ്രാസ് ഹൈകോടതിയില്‍ ഇപ്പോൾ ഹർജി നല്‍കിയിരിക്കുകയാണ്.
ഹർജിയില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നാണ് ഡോക്യുമെന്ററി നിര്‍മാതാക്കളായ ടാര്‍ക് സ്റ്റുഡിയോസിനോടും നെറ്റ്ഫ്ലിക്സിനോടും ഹൈകോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമുള്ള അറിയിപ്പുകള്‍ ഉണ്ടായിരുന്നിട്ടും സിനിമയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുമെന്ററിയില്‍ അനുമതിയില്ലാതെ ഉപയോഗിച്ചതായി നിർമാണ കമ്പനി അവകാശപ്പെട്ടു. ഡോക്യുമെന്ററിയില്‍ നിന്ന് ലഭിച്ച വരുമാനം വെളിപ്പെടുത്താനും ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ 'നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ മൂന്ന് സെക്കൻഡ് ക്ലിപ്പ് അനുവാദമില്ലാതെ ഉപയോഗിച്ചതിന് നയൻതാരക്കും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും നെറ്റ്ഫ്ലിക്‌സ് ഡോക്യുമെന്‍ററിയുടെ നിർമാതാക്കൾക്കുമെതിരെ ധനുഷ് കേസ് കൊടുത്തിരുന്നു. തന്‍റെ അനുവാദം ഇല്ലാതെയാണ് നയൻതാര 'ബിയോണ്ട് ദി ഫെയറി ടെയിൽ' എന്ന ഡോക്യുമെന്‍ററിയിൽ ക്ലിപ്പ് ഉപയോഗിച്ചതെന്നായിരുന്നു ധനുഷിന്റെ അവകാശവാദം.