'നായകന്റെ' തിരിച്ചു വരവിനെ കോടതി വിലക്കില്ല, കമൽഹാസന്റെ പിറന്നാൾ ദിനത്തിൽ ചിത്രം പ്രദർശനത്തിനെത്തി | Nayakan Re-Release

താൻ 'നായകൻ' 16 തവണ കണ്ടിട്ടുണ്ടെന്നും അതിലെ രംഗങ്ങൾ മനഃപാഠമാണെന്നും വാദത്തിനിടെ ജസ്റ്റിസ് സെന്തിൽ കുമാർ
Nayakan
Published on

ചെന്നൈ: കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത ‘നായകൻ’ വീണ്ടും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നതിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു. ഇതേത്തുടർന്ന് കമലിന്റെ 71-ാം പിറന്നാൾ ദിനമായ വെള്ളിയാഴ്ച ചിത്രം പ്രദർശനത്തിനെത്തി. (Nayakan Re-release)

ഇന്ത്യയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളുടെ പട്ടികകളിൽ ഇടംപിടിച്ചിട്ടുള്ള നായകൻ പുറത്തിറങ്ങി 38 വർഷത്തിന് ശേഷമാണ് ദൃശ്യമികവു വരുത്തി വീണ്ടും പ്രദർശനത്തിനെത്തിയത്. ഇത് പകർപ്പവകാശ ലംഘനമാണെന്ന് കാണിച്ച് കർണാടക ആസ്ഥാനമായുള്ള എസ്.ആർ ഫിലിം ഫാക്ടറിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 2023 ജൂൺ 30 മുതൽ 2035 നവംബർ 17 വരെ ‘നായകൻ’ തിയേറ്ററുകളിലും ഡിജിറ്റൽ രൂപത്തിലും പ്രദർശിപ്പിക്കുന്നതിനുള്ള അവകാശം തങ്ങൾക്കാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇക്കാര്യം മറച്ചുവെച്ചാണ് സിനിമയുടെ പകർപ്പവകാശമുണ്ടായിരുന്ന എടിഎം പ്രൊഡക്ഷൻസ്, സുരഭി എന്റർപ്രൈസസ്, വിഎസ് ഫിലിം ഇന്റർനാഷണൽ എന്നിവ ചേർന്ന് സിനിമ വീണ്ടും റിലീസ് ചെയ്യുന്നതെന്ന് ഹർജിയിൽ പറയുന്നു.

സിനിമയുടെ പ്രദർശനം വിലക്കിക്കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ലെന്ന് വെള്ളിയാഴ്ച ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ. സെന്തിൽ കുമാറിന്റെ ബെഞ്ച് വ്യക്തമാക്കി. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അദ്ദേഹം ബന്ധപ്പെട്ട കക്ഷികൾക്ക് നിർദേശം നൽകി. താൻ നായകൻ 16 തവണ കണ്ടിട്ടുണ്ടെന്നും അതിലെ രംഗങ്ങൾ മനഃപാഠമാണെന്നും വാദത്തിനിടെ ജസ്റ്റിസ് സെന്തിൽ കുമാർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com