
നവ്യ നായരും സൗബിൻ ഷാഹിറും പോലീസ് വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം പാതിരാത്രിയുടെ ടീസർ പുറത്ത്. മമ്മൂട്ടിയുടെ പുഴു എന്ന സിനിമയ്ക്ക് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാത്രിരാത്രി. ദമ്പതികളായ പോലീസ് ഉദ്യോഗസ്ഥരുടെ ജീവതത്തോട് ചേർന്ന് നിൽക്കുന്ന ഒരു ത്രില്ലർ ചിത്രമാകും പാതിരാത്രി എന്ന സൂചനയാണ് അണിയറപ്രവർത്തകർ ടീസറിലൂടെ നൽകുന്നത്. ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിലെത്തും.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോക്ടർ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് പാതിരാത്രി നിർമ്മിക്കുന്നത്. നവ്യ നായർക്കും സൗബിനും പുറമെ സണ്ണി വെയ്നും ആൻ അഗസ്റ്റിനും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. ഇവർക്ക് പുറമെ ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഷാജി മാറാടാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ജേക്കബ്സ് ബിജോയിയാണ് പാതിരാത്രിയുടെ സംഗീത സംവിധായകൻ. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് വൻ തുകയ്ക്ക് ടി സീരീസ് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഷെഹ്നാദ് ജലാലാണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ശ്രീജിത് സാരംഗാണ് എഡിറ്റർ. പിആർഒ ശബരി.