

മെസി വന്നിട്ടും കാണാന്‍ പോകാതെ താന്‍ ഉദ്ഘാടനത്തിന് വന്നത് നവ്യനായരെ കാണാന്‍ വേണ്ടിയാണെന്ന് ധ്യാൻ ശ്രീനിവാസൻ. കൊട്ടാരക്കരയില്‍ ഒരു ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു ധ്യാനും നവ്യയും. ധ്യാനിന്റെ കൗണ്ടറും വീഡിയോയും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായി.
”ഫുട്‌ബോള്‍ പ്രതിഭാസം മെസി വന്ന് പോയത് എല്ലാവരും കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുമ്പോള്‍ കള്ളമായിട്ട് തോന്നും. പക്ഷെ സത്യമാണ്, സംഘാടകരില്‍ ഒരാള്‍ കൂട്ടുകാരനാണ്. മെസിയെ കാണാന്‍ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞു. അവന്‍ എന്നോട് മെസിയെക്കാള്‍ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്.” - ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.
“ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റര്‍വ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റര്‍വ്യൂ കരിയര്‍ ആരംഭിക്കുന്നത്. ആ ഇന്റര്‍വ്യൂവില്‍ ഒരു വാക്ക് ഞാന്‍ പറഞ്ഞിരുന്നു. അന്ന് ഞാന്‍ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച ആളാണ് നവ്യ നായര്‍. അന്നത്തെകാലത്ത് മീര ജാസ്മിന്‍, കാവ്യാ മാധവന്‍, നവ്യ നായര്‍- ഇവരില്‍ മൂന്നുപേരില്‍ ഒരാളെ കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അത് നടന്നില്ല. ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ മെസിയെക്കാളും വലുത് നവ്യയാണ്.” - ധ്യാൻ ശ്രീനിവാസൻ കൂട്ടിച്ചേർത്തു.