‘‘നവാസിക്ക പോയി... കേട്ടപ്പോൾ മുതൽ വിശ്വസിക്കാൻ പ്രയാസം തോന്നി, 'രഹ്നയ്ക്കും മക്കൾക്കും ഈ വേർപാട് താങ്ങാനുള്ള ശക്തി കൊടുക്കണേ' എന്നാണ് പ്രാർഥന"; നടി സ്നേഹ ശ്രീകുമാർ | Kalabhavan Navas

"നിയാസിക്കയ്ക്ക് കുറെയൊക്കെ പിടിച്ചു നിക്കാൻ പറ്റും, വിഷമം പുറത്തു കാണിക്കാതെ ആ മനുഷ്യൻ സ്വയം ഉരുകുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്"
Sneha
Published on

കലാഭവൻ നവാസിനെ കുറിച്ച് നടി സ്നേഹ ശ്രീകുമാർ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ജീവിതത്തിൽ സഹോദരനും ഗുരുസ്ഥാനീയനുമായിരുന്നു നവാസ് എന്നാണ് സ്നേഹ പറയുന്നത്. 'രഹ്നയ്ക്കും മക്കൾക്കും ഈ വേർപാട് താങ്ങാനുള്ള ശക്തി കൊടുക്കണേ' എന്നാണ് പ്രാർഥന. വിഷമം പുറത്തു കാണിക്കാതെ നവാസിന്റെ സഹോദരൻ നിയാസ് സ്വയം ഉരുകുന്നത് മനസ്സിലാകുന്നുണ്ടെന്നും സ്നേഹ പറയുന്നു.

‘‘നവാസിക്ക പോയി... കേട്ടപ്പോൾ മുതൽ വിശ്വസിക്കാൻ പ്രയാസം ആയിരുന്നു. ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യാത്രയിൽ ആയിരുന്നു. കൊല്ലം കഴിഞ്ഞപ്പോൾ ആണ് ഈ വാർത്ത അറിയുന്നത്. അപ്പോൾ മുതൽ സത്യം ആകരുതേ എന്ന് കരുതി.. രാവിലെ ഷൂട്ട്‌ തീർത്തു ഉച്ചയ്ക്ക് തന്നെ പുറപ്പെടാൻ നോക്കി. പക്ഷെ വന്ദേഭാരത് പോലും ഒരുമണിക്കൂർ വൈകിയാണ് വന്നത്. സ്റ്റേഷനിൽ ടിനിച്ചേട്ടൻ ഉണ്ടായിരുന്നു. അവിടെ എത്താൻ പറ്റാത്ത സങ്കടത്തിൽ ആയിരുന്നു.

ഷാജോൺ ചേട്ടൻ ആ സമയത്തു വിഡിയോ കോൾ വിളിച്ചു, അങ്ങിനെ അവസാനമായി ഞങ്ങൾ ഇക്കയെ കണ്ടു.. നവാസിക്ക എനിക്ക് സഹോദരനും ഗുരുസ്ഥാനീയനും ആണ്. ഒന്നിച്ചുള്ള പരിപാടികൾ, യാത്രകൾ എല്ലാം ഓർമയായി.. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്നു, ദുശീലങ്ങൾ ഇല്ല, നന്നായി സംസാരിക്കും പെരുമാറും അങ്ങനെ ഏറ്റവും പ്രിയപ്പെട്ട നവാസിക്ക.

നിയാസിക്കയുടെ കുടുംബം ഞങ്ങളുടെയും ആണ്, ഈ വിയോഗം ഉമ്മായ്ക്കും രഹ്‌നചേച്ചിക്കും മക്കൾക്കും സഹിക്കാനുള്ള ശക്തി കൊടുക്കണേ എന്ന പ്രാർഥന മാത്രം. ചെറുപ്പം മുതലേ കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഏറ്റെടുത്ത നിയാസിക്കയ്ക്ക് കുറെയൊക്കെ പിടിച്ചു നിക്കാൻ പറ്റും. പുറത്തു കാണിക്കാതെ ആ മനുഷ്യൻ സ്വയം ഉരുകുന്നത് ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്...എല്ലാവർക്കും ഇഷ്ടമുള്ള ഒരു മനുഷ്യൻ പെട്ടെന്ന് ഇല്ല എന്ന് പറയുമ്പോൾ. ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം. ചെയ്തു വച്ച പരിപാടികളും കഥാപാത്രങ്ങളും നിലനിൽക്കും.. അത് കലാകാരൻ ആയതുകൊണ്ടുള്ള ഒരു അനുഗ്രഹം ആണ്.’’–സ്നേഹ ശ്രീകുമാർ കുറിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com