
ടൊവിനോ തോമസ് മുഖ്യവേഷത്തിലെത്തി അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’ ഒടിടിയിലേക്ക്. ജൂലൈ 11 മുതൽ സോണി ലൈവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിച്ചത്. തിയറ്ററുകളിലും ചിത്രം വൻ വിജയം നേടിയിരുന്നു.
സുരാജ് വെഞ്ഞാറമൂടും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ‘മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയായിരുന്നു. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസും പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിങ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എൻ.എം.ബാദുഷ, ഛായാഗ്രഹണം വിജയ്, സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ബാവ, വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോ ഡയറക്ടർ രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ് വിഷ്ണു പി സി, സ്റ്റീൽസ് ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ് യെല്ലോടൂത്ത്.