'നരിവേട്ട' തിയേറ്ററുകളിൽ പ്രേക്ഷക പ്രതികരണങ്ങൾ ഏറ്റുവാങ്ങി മുന്നേറുന്നു | Narivetta

ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിലെന്നാണ് പ്രേക്ഷകാഭിപ്രായം
Narivetta
Published on

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ ചിത്രം 'നരിവേട്ട' തീയേറ്ററുകളിലെത്തി. ആദ്യ ഷോകൾ കഴിഞ്ഞപ്പോൾ തന്നെ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ടോവിനോയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് സിനിമയിലെന്നാണ് പ്രേക്ഷകാഭിപ്രായം. പൊളിറ്റിക്കൽ ത്രില്ലർ ഡ്രാമ മൂവിയായി പുറത്തിറക്കിയിരിക്കുന്ന ചിത്രം കേരളം ഒന്നടങ്കം ചർച്ച ചെയ്ത വിഷയങ്ങളാണ് പ്രേക്ഷകർക്ക് മുൻപിലേക്കെത്തിക്കുന്നത്.

ചിത്രത്തിലെ നിർണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.

അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലയ്ക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻഎം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Related Stories

No stories found.
Times Kerala
timeskerala.com