
തനിക്ക് നല്ലൊരു ശമ്പളം പോലുമില്ലാതിരുന്ന സമയത്ത് തന്നെ പിന്തുണച്ചയാളാണ് ഭാര്യ ആരതിയെന്ന് നടന്‍ ശിവകാര്‍ത്തികേയന്‍. പുതിയ ചിത്രമായ ‘മദ്രാസി’യുടെ പ്രൊമോഷൻ ചടങ്ങിനിടെ ഹൈദരാബാദിൽ വെച്ചാണ് താരം ഇക്കാര്യം പറഞ്ഞത്. 'സിനിമയിൽ എത്തുന്നതിന് മുൻപ് ജീവിതത്തിൽ പിന്തുണച്ച ആളുകൾ ഉണ്ടായിരുന്നോ?' എന്ന ചോദ്യത്തിനായിരുന്നു ശിവകാർത്തികേയന്റെ മറുപടി.
കോളേജ് സുഹൃത്തുക്കളാണ് തന്നെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചതെന്ന് ശിവകാർത്തികേയൻ പറഞ്ഞു. നടനാകുന്നതിന് മുമ്പ് തന്നെ ആരതി വിവാഹത്തിന് സമ്മതിച്ചു. അതിന് എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കുമെന്നും ശിവ പറഞ്ഞു.
"എൻ്റെ ഭാര്യ ആരതി, ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് അവൾ എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത്, അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ച് അവൾ എന്നോട് സമ്മതം പറഞ്ഞു. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കണം."- ശിവകാർത്തികേയൻ വ്യക്തമാക്കി.
ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ഉയർന്ന ബജറ്റിലാണ് മദ്രാസി ഒരുങ്ങുന്നത്. ചിത്രത്തിൽ ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണിത്.