
ഫാന്റസി കോമഡി ആക്ഷൻ ചിത്രം 'ലോക' പ്രേക്ഷക നിരൂപക പ്രശംസ നേടി തിയേറ്ററിൽ നിറഞ്ഞോടുകയാണ്. സിനിമയ്ക്ക് പിന്നാലെ കല്യാണി പ്രിയദർശന്റെ ഇന്റർവ്യൂവും വൈറലാകുന്നു. കല്യാണിയുടെ അമ്മ, മലയാള സിനിമാ താരം ലിസിയെപ്പറ്റി പറയുന്നതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 'അമ്മ തന്റെ വലിയ ആരാധികയാണ്, അമ്മയുടെ വിചാരം താനാണ് ഇന്ത്യയിലെ മികച്ച നടി എന്നാണ്' കല്യാണി പറയുന്നു. രേഖാ മേനോനുമായുള്ള ഇന്റർവ്യൂവിനിടെയാണ് കല്യാണി ഇക്കാര്യം പറഞ്ഞത്.
"അമ്മയുടെ വിചാരം ഇന്റർനെറ്റു മുഴുവൻ കല്യാണി തരംഗമാണെന്നാണ്. അമ്മക്ക് അൽഗൊരിതത്തെപറ്റി ഇതുവരെ മനസ്സിലായിട്ടില്ല. താൻ ഇൻസ്റ്റഗ്രാം ഫീഡുകൾ നോക്കുമ്പോൾ, ചില ഫാൻ പേജുകളിലെ പോസ്റ്റ് കാണും. അതിനെല്ലാം താഴെ അമ്മയുടെ ലൈക്ക് ഉണ്ടാകും." - കല്യാണി പറയുന്നു. എല്ലാ പോസ്റ്റും എന്തിനാണ് ലൈക്ക് ചെയ്യുന്നത്? എന്നു ചോദിച്ചാൽ, 'ഞാൻ നോക്കുമ്പോൾ എന്റെ കൊച്ചിന്റെ ഫോട്ടോ…. അത് കാണുമ്പോൾ ഞാൻ ലൈക്ക് ചെയ്യും..' എന്നാണ് അമ്മയുടെ മറുപടിയെന്നും കല്യാണി വ്യക്തമാക്കി.
കല്യാണി, ചന്ദ്ര എന്ന സൂപ്പർ ഹിറോ ആയി അഭിനയിക്കുന്ന ലോക മികച്ച കയ്യടി നേടി പ്രദർശനം തുടരുകയാണ്. കല്യാണിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ചിത്രത്തിലെ വി എഫ് എക്‌സ് മികച്ചതാണെന്ന അഭിപ്രായവും ഉണ്ട്.