"ഇന്ത്യയിലേക്ക് മടങ്ങുന്നത് ഏറ്റവും മികച്ച തീരുമാനമാകുമെന്ന് ഞാനും ഭര്‍ത്താവും വിശ്വസിച്ചു... അങ്ങനെ ഇന്ത്യയിലെത്തി..." | Madhuri Dixit

കുടുംബത്തോടൊപ്പം ഞാന്‍ യുഎസില്‍ സമാധാനപരവും ആനന്ദകരവുമായ ജീവിതമാണു നയിച്ചത്.
Madhuri Dixit
Updated on

ഒരു കാലത്ത് ഏറ്റവും താരമൂല്യമുണ്ടായിരുന്ന ബോളിവുഡിലെ സ്വപ്‌നസുന്ദരിയായിരുന്നു നടി മാധുരി ദീക്ഷിത്. അഭിനയ കാലത്ത് നിരവധി വിവാദങ്ങളും മാധുരിയെ ചുറ്റിപ്പറ്റിയുണ്ടായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത്, നടന്‍ സഞ്ജയ് ദത്തുമായുള്ള പ്രണയവും വേര്‍പിരിയലുമാണ്. മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്ത് കുറ്റാരോപിതനായാതോടെയാണ് മാധുരി നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്മാറിയത്. അന്വേഷണ ഏജന്‍സികള്‍ കസ്റ്റഡിയിലെടുക്കുമെന്നും ചോദ്യം ചെയ്യപ്പെടുമെന്ന ഭയവും മാധുരിയെയും കുടുംബത്തെയും അലട്ടിയിരുന്നു.

തൊണ്ണൂറുകളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ്ഓഫീസ് വിജയം നേടിയ നടിമാരില്‍ ഒരാളായിരുന്നു മാധുരി. എന്നാല്‍ തന്റെ കരിയറില്‍ ജ്വലിച്ചുനിന്ന സമയത്ത്, അവര്‍ ഡോ. ശ്രീറാം മാധവിനെ വിവാഹം കഴിച്ച് യുഎസിലേക്ക് താമസം മാറി. 1999 ലായിരുന്നു വിവാഹം. ദമ്പതിമാര്‍ക്ക് രണ്ടു കുട്ടികളുണ്ട്. പത്തുവര്‍ഷത്തിനുശേഷം, താരം ഇന്ത്യയിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ഇന്ത്യയിലേക്കു മടങ്ങാനുള്ള തീരുമാനം താരം പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയുള്ള ജീവിതമാണ് താരം അമേരിക്കയില്‍ നയിച്ചതെന്നാണ് കിംവദന്തികൾ.

അടുത്തിടെ രണ്‍വീര്‍ അഹോബാദിയയുമായുള്ള പോഡ്കാസ്റ്റ് സംഭാഷണത്തില്‍, കുടുംബത്തോടൊപ്പം താന്‍ യുഎസില്‍ സമാധാനപരവും ആനന്ദകരവുമായ ജീവിതമാണു നയിച്ചതെന്നു പറഞ്ഞിരുന്നു. കുടുംബത്തിനാണ് പ്രഥമ മുന്‍ഗണനയെന്നും മാധുരി പറഞ്ഞു. ഇന്ത്യയിലേക്കു മടങ്ങുന്നതിനു പിന്നിലെ കാരണവും അവര്‍ വെളിപ്പെടുത്തി.

"പല കാര്യങ്ങളും സംഭവിച്ചു. എന്റെ മാതാപിതാക്കള്‍ എന്നോടൊപ്പം താമസിച്ചു. എന്റെ എല്ലാ സഹോദരങ്ങളും ഭര്‍ത്താവിന്റെ കുടുംബവും അമേരിക്കയിലാണ്. എന്റെ മാതാപിതാക്കള്‍ക്കു പ്രായമേറുകയായിരുന്നു... അവര്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ചു. എന്റെ കരിയര്‍ മുഴുവന്‍, അവര്‍ എന്നോടൊപ്പമുണ്ടായിരുന്നു, അവരെ ഒറ്റയ്ക്ക് വിടാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. രണ്ടാമതായി, എന്റെ പ്രവര്‍ത്തനമേഖല ഇവിടെയാണ്. ഞാന്‍ ഇന്ത്യയിലേക്കു വരാറുണ്ടായിരുന്നു. ജോലി ചെയ്തതിനുശേഷം യുഎസിലേക്ക് മടങ്ങുകയായിരുന്നു പതിവ്. അതു ഞങ്ങളുടെ ജീവിതത്തിലും ഭര്‍ത്താവിന്റെ കരിയറിലും ചില തടസങ്ങള്‍ സൃഷ്ടിച്ചു. ഇന്ത്യയിലേക്ക് മടങ്ങുന്നത് ഏറ്റവും മികച്ച തീരുമാനമാകുമെന്ന് ഞാനും ഭര്‍ത്താവും വിശ്വസിച്ചു... അങ്ങനെ ഇന്ത്യയിലെത്തി..."; മാധുരി പറഞ്ഞു.

"ഞാന്‍ വളരെ സന്തുഷ്ടയായിരുന്നു. കാരണം എന്നെ സംബന്ധിച്ചിടത്തോളം അഭിനയം, നൃത്തം... എന്റെ കരിയറുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞാന്‍ ഇഷ്ടപ്പെടുന്നു. ആളുകള്‍ എന്നെ താമായി കണക്കാക്കുന്നു. പക്ഷേ, ഞാന്‍ ഒരിക്കലും അങ്ങനെ വിചാരിച്ചിട്ടില്ല..."; - മാധുരി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com